ഇന്ധന പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കെസിവൈഎം
ഇരിങ്ങാലക്കുട: കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പാചകവാതക വില വര്‍ധിപ്പിച്ച് ജനജീവിതം ദുസഹമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികൂല സാഹചര്യത്തില്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനൊ തയാറാകാത്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെ ധാര്‍മിക യുവജനപ്രസ്ഥാനമായ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി. ഇരിങ്ങാലക്കുട ബിഷപ് ഹൗസില്‍ നിന്നും ബൈക്ക് തള്ളിയും ഗ്യാസ് സിലിണ്ടര്‍ വഹിച്ചും മഞ്ച ചുമന്നും 120 ഓളം യുവജനങ്ങള്‍ റാലിയില്‍ പങ്കെടുത്തു. കെസിവൈഎം മുന്‍ ചെയര്‍മാനും നിലവിലെ പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ടെല്‍സണ്‍ കോട്ടോളി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് ജെറാള്‍ഡ് ജേക്കബ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര ആമുഖപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എമില്‍ ഡേവിസ്, കെസിവൈഎം മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ജെയ്സണ്‍ ചക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, വൈസ് ചെയര്‍പേഴ്സണ്‍ അലീന ജോബി, ജോയിന്റ് സെക്രട്ടറി പ്രിന്‍സി ഫ്രാന്‍സിസ്, ട്രഷറര്‍ റിജോ ജോയ്, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പലേ, ആനിമേറ്റര്‍ ലാജോ ഓസ്റ്റിന്‍, വനിതാവിംഗ് കണ്‍വീനര്‍ ഡിംബിള്‍ ജോയ്, ലിബിന് മുരിങ്ങലത്ത്, ഡേവിഡ് ബെന്‍ഷര്‍, മേഖല ഡയറക്ടേഴ്സ് എന്നിവര്‍ നേതൃത്വം നല്കി.