വഴിയില് ബസ് കാത്തു നില്ക്കുന്നവര്ക്ക് സ്കൂട്ടറില് ലിഫ്റ്റ് നല്കി അവരുടെ മൊബൈല് ഫോണ് തട്ടിയെടുക്കുന്ന വിരുതന് അറസ്റ്റില്
ഇരിങ്ങാലക്കുട: വഴിയില് ബസ് കാത്തു നില്ക്കുന്നവര്ക്ക് സ്കൂട്ടറില് ലിഫ്റ്റ് നല്കി അവരുടെ മൊബൈല് ഫോണ് തട്ടിയെടുക്കുന്ന വിരുതന് അറസ്റ്റില്. എടതിരിഞ്ഞി എടച്ചാലില് വീട്ടില് സാഹിലിനെയാണ് (25) തൃശൂര് റൂറല് എസ്പി ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിര്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇന്സ്പെക്ടര് അനീഷ് കരീം എന്നിവര് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് സ്കൂട്ടറില് ലിഫ്റ്റ് കിട്ടിയ രണ്ടു ചെറുപ്പക്കാരുടെ സ്മാര്ട്ട് ഫോണുകള് സ്കൂട്ടര് യാത്രക്കാരന് കവര്ന്നതായ പരാതി പോലീസിന് ലഭിക്കുന്നത്. പരാതിക്കാര് നല്കിയ പ്രാഥമിക വിവരങ്ങളുമായി പോലീസ് തുടര്ന്നുള്ള ദിവസങ്ങളില് നഗരത്തിലെ സകല റോഡുകളിലും പല സംഘങ്ങളായി കറങ്ങി. പല സ്ഥലങ്ങളിലും കാത്തുനിന്നു. സിസിടിവി ക്യാമറകളില് നിന്ന് പ്രതിയുടെ സഞ്ചാരവഴികള് ഏറെക്കുറെ മനസിലാക്കി. ബുധനാഴ്ച യാത്രക്കാരെ പോലെ പോലീസ് മഫ്തിയില് വഴിയരികില് ലിഫ്റ്റ് കിട്ടുവാനായി കാത്തുനിന്നു. അടുത്ത ഇരയെ പ്രതീക്ഷിച്ചു സ്കൂട്ടര് നിറുത്തിയ മോഷ്ടാവിനെ റോഡിനിരുവശവും നിന്ന പോലീസ് സംഘം പിടിയിലൊതുക്കി. വിശദമായ ചോദ്യം ചെയ്യലില് ഇയാള് കുറ്റസമ്മതം നടത്തി. മോഷ്ടിച്ച ഫോണുകള് മറ്റു കടകളില് വില്ക്കുകയായിരുന്നു പതിവ്. മാസ അടവിന് വാങ്ങിയ വണ്ടിയുടെ തിരിച്ചടവിന് പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. രണ്ടു പരാതികളാണ് പോലീസിന് ലഭിച്ചത്. ഇരിങ്ങാലക്കുട കാട്ടൂര് റോഡിലും, കെഎസ്ആര്ടിസി റോഡിലും നിന്ന് ലിഫ്റ്റ് കിട്ടാനായി സ്കൂട്ടറിന് കൈ കാണിച്ച രണ്ടു പേരെ കയറ്റിക്കൊണ്ടുപോയി ഇടയ്ക്ക് ആളൊഴിഞ്ഞ സ്ഥലത്ത് എത്തുമ്പോള് ചേട്ടാ ഫോണ് എടുക്കാന് മറന്നു. ഒരു കോള് ചെയ്തോട്ടേ എന്നു പറഞ്ഞു മൊബൈല് ഫോണ് ചോദിച്ച് സ്കൂട്ടര് വഴിയരികല് ഒതുക്കി നിറുത്തും. ഇതുകണ്ട് യാത്രക്കാരന് പുറകില് നിന്ന് ഇറങ്ങുന്ന തക്കം നോക്കി മൊബൈല് ഫോണ് തട്ടി പറിച്ച് സ്കൂട്ടറില് പായും. പരാതിക്കാര്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ബോധ്യം വരും മുന്പ് പ്രതി കാണാമറയത്ത് എത്തിയിട്ടുണ്ടാകും. ഇതേ രീതിയില് തുടരെ രണ്ടു ദിവസങ്ങളിലാണ് രണ്ടു യുവാക്കളുടെ മൊബൈല് ഫോണ് മോഷണം നടന്നത്. കാട്ടൂര് സ്റ്റേഷനില് രണ്ടു ക്രൈം കേസുകളില് പ്രതിയാണ് അറസ്റ്റിലായ സാഹില്. ഇയാളെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. ഇരിങ്ങാലക്കുട എസ്ഐ എം.എസ്. ഷാജന്, എഎസ്ഐ മുഹമ്മദ് അഷറഫ്, ജസ്റ്റിന്, സീനിയര് സിപിഒ മാരായ ഇ.എസ്. ജീവന് , സോണി സേവ്യര്, എം.ബി. സബീഷ്, സിപിഒ മാരായ കെ.എസ്. ഉമേഷ്, ശബരി കൃഷ്ണന്, പി.എം. ഷെമീര് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.