വര്‍ണ്ണക്കുടയില്‍ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും
ഇരിങ്ങാലക്കുട: ‘വര്‍ണ്ണക്കുട’ യില്‍ നടന്ന സമാദരണ സമ്മേളനം മുതിര്‍ന്ന ക്ലാസിക്കല്‍ കലാകാരന്മാര് സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ കെ.കെ. രാമചന്ദ്രന്, ഇ.ടി. ടൈസന് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തൃശൂര്‍ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും സാംസ്കാരിക കായിക രംഗത്തെ പ്രമുഖരും വേദിയില്‍ സന്നിഹിതരായിരുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി വൈസ് ചെയര്‍മാനുമായ സന്ധ്യാ നൈസന്‍ സ്വാഗതവും ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും സ്വാഗതസംഘം കമ്മിറ്റി കണ്‍വീനറുമായ അഡ്വ. ജിഷ ജോബി നന്ദിയും പറഞ്ഞു. ക്ലാസിക്കല്‍ കലകളില്‍ പ്രാഗത്ഭ്യം കൈവരിച്ച മുതിര്‍ന്ന പൗരന്മാരായ കലാനിലയം രാഘവന് ആശാന്, സദനം കഷ്ണന്‍ കുട്ടി ആശാന്, കലാനിലയം പരമേശ്വരന് ആശാന്, വേണുജി, കലാനിലയം ഉണ്ണികൃഷ്ണന്, അമ്മന്നൂര്‍ കുട്ടന് ചാക്യാര്‍, കലാനിലയം ഗോപി ആശാന്, കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി എന്നിവരെ യോഗത്തില്‍ ആദരിച്ചു. വര്‍ണ്ണക്കുട അനുബന്ധ പരിപാടികളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ശേഷം കേരള കലാമണ്ഡലം അവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തവും, തുടര്‍ന്ന് ആല്‍മരം മ്യൂസിക് ബാന്‍ഡും അരങ്ങേറി. ഇന്ന് വര്‍ണ്ണക്കുടയില്‍ വൈകീട്ട് 5.30ന് കലന്ദിക കൊച്ചി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ശേഷം വന്ദേ വിനായകം തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും തുടര്‍ന്ന് കലാസംഗീത നിശ വോയ്സ് ഓഫ് മലബാറും അരങ്ങേറും.