ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ വന്‍ തിരക്ക്
കല്ലേറ്റുംകര: റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ ടിക്കറ്റും സാധാരണ യാത്രാ ടിക്കറ്റും എടുക്കാന്‍ വലിയ തിരക്ക്. രാവിലെ രണ്ട് കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാകുകയാണ്. ഓണം കഴിഞ്ഞ് ജോലി സ്ഥലത്തേക്കും മറ്റും പോകുന്ന ആളുകള്‍ക്കാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ടിക്കറ്റിനായി വരി നില്‍ക്കേണ്ടിവന്നത്. ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നില്ക്കാന് സ്ഥലമില്ലാതായതോടെ വരി പുറത്തേക്ക് നീണ്ടു. തിരക്കേറിയിട്ടും രണ്ടാമത്തെ കൗണ്ടര്‍ തുറക്കാന്‍ അധികാരികള്‍ തയാറായില്ലെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി. തിരക്കേറിയ സമയത്ത് രണ്ടു പേരെ കൗണ്ടറില്‍ വയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ചെയ്യാറില്ല. മുന്‍കാലങ്ങളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റിസര്‍വേഷന്‍ കൗണ്ടറാണ് ഇപ്പോള്‍ കുത്തഴിഞ്ഞ രീതിയില്‍ നടക്കുന്നതെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. റിസര്‍വേഷനായി പുലര്‍ച്ചെ ആറുമണിക്ക് ടോക്കണിനായി വരിനില്‍ക്കണം. ഏഴരയ്ക്ക് ടോക്കണ്‍ കൊടുക്കും. ഇത് പത്തുമണിക്ക് എസി, 11 മണിക്ക് സ്ലീപ്പര്‍. ഒരു യാത്രക്കാരന്റെ അര ദിവസത്തെ സമയം അങ്ങനെ പോകും. കാലങ്ങളായി റിസര്‍വേഷന്‍ ഏജന്റുകളുടെ കൈയിലാണ്. ഏജന്റുമാര്‍ തലേദിവസം തന്നെ കല്ല് വെച്ച് പോകും. സാധാരണക്കാരായ യാത്രക്കാരെ വരിയില്‍ ടോക്കണ്‍ കൊടുത്തുനിര്ത്തുമ്പോള് തന്നെ രണ്ടാമത്തെ കൗണ്ടറില്‍ അനധികൃതമായി അടിച്ചുകൊടുക്കുകയാണെന്ന് അസോസിയേഷന് ആരോപിച്ചു. ഇതിനെതിരേ ഒട്ടേറെ തവണ റെയില്‍വേ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും അസോസിയേഷന് പ്രസിഡന്റ് ജോസഫ് ബിജു പനകുടന്, പി.സി. സുഭാഷ്, ജോഷ്വാ ജോസ് എന്നിവര്‍ കുറ്റപ്പെടുത്തി.