ദക്ഷിണ പശ്ചിമഘട്ടത്തില്‍ നിന്നും ഒരു അപൂര്‍വ അതിഥികൂടി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗവേഷക സംഘം നടത്തിയ പഠനത്തില്‍ ദക്ഷിണ പശ്ചിമഘട്ട മേഖലയില്‍ നിന്നും ഒരു അപൂര്‍വ ഇനം കുഴിയാന തുമ്പിയായ ബാന്യൂറ്റസ് ക്യുബിറ്റാലിസ് കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ മുളംകുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി പ്രദേശങ്ങളില്‍ നിന്നും, മലപ്പുറം ജില്ലയിലെ അരൂര്‍, ഇടുക്കി ജില്ലയിലെ മൂന്നാര്‍ എന്നീ ദക്ഷിണ പശ്ചിമഘട്ട പ്രദേശങ്ങളില്‍ നിന്നാണ് ഈ അപൂര്‍വ ഇനം കുഴിയാന തുമ്പിയെ ഗവേഷകര്‍ കണ്ടെത്തിയത്. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷകന് ടി.ബി. സൂര്യനാരായണന്, എസ്ഇആര്‍എല്‍ മേധാവി ഡോ. ബിജോയ്, ഹംഗേറിയന്‍ ശാസ്ത്രജ്ഞന് ലെവന്‍ഡി അബ്രഹാം എന്നിവര്‍ ആണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ ജീവിയുടെ സാന്നിധ്യവും, ഇതിന്റെ പൂര്‍ണ വിവരണവും അടങ്ങിയ വിവരങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്ര മാസിക ആയ സൂടാക്സയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാധാരണ കണ്ടു വരുന്ന സൂചി തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടു നീണ്ടു നില്ക്കുന്ന സ്പര്‍ശനി ഉള്ളതാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും വ്യത്യസ്തപ്പെടാന്‍ ഉള്ള പ്രധാന കാരണം. മറ്റുള്ള കുഴിയാന തുമ്പികളില്‍ നിന്നും വ്യത്യസ്തമായി അയഞ്ഞ മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തില്‍ ആണ് ഇവയുടെ ലാര്‍വ കാണപ്പെടുന്നത്. ഏതാണ്ട് ഒമ്പതു ദശകങ്ങള്‍ക്കു ശേഷമാണ് ഇവയെ ഇന്ത്യയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നും കണ്ടെത്തുന്ന മൂന്നാമത്തെ ഇനം കുഴിയാന തുമ്പിയാണ് ഇത്. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.