തകര്‍ന്നുകിടക്കുന്ന ഇരിങ്ങാലക്കുട മുനിസിപ്പല്‍ ലിങ്ക് റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാവശ്യം
മൂര്‍ക്കനാട്: തകര്‍ന്നുകിടക്കുന്ന ഇരിങ്ങാലക്കുട മുനിസിപ്പല്‍ ലിങ്ക് റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാവശ്യം. കരുവന്നൂര്‍ മൂര്‍ക്കനാട് സൗത്ത് ബണ്ട് റോഡും കാറളം പിഡബ്ല്യുഡി റോഡുമായി ബന്ധിപ്പിക്കുന്ന നീരോലിത്തോടിനോട് ചേര്‍ന്നുള്ള മുനിസിപ്പല്‍ ലിങ്ക് റോഡാണ് കുണ്ടും കുഴികളുമായി കിടക്കുന്നത്. ഒരു കിലോമീറ്റര്‍ വരുന്ന റോഡിന് മൂന്നുമീറ്റര്‍ വീതിയുണ്ട്. നേരത്തേ തകര്‍ന്നുകിടക്കുന്ന റോഡിന്റെ കുറെ ഭാഗം പുതുക്കിനിര്മിക്കുന്നതിനായി കാലവര്‍ഷത്തിന് മുമ്പ് ടാര്‍ പൊളിച്ചുമാറ്റിയിരുന്നു. ബണ്ടുമായി ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ ദിനംപ്രതി ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. എന്നാല്‍, റോഡ് പുനര്‍നിര്‍മിക്കാന്‍ ഇതുവരെയും അധികാരികള്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മുനിസിപ്പല്‍ ലിങ്ക് റോഡിലെ യാത്രാക്ലേശം ഉടന്‍ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് മൂര്‍ക്കനാട് വാര്‍ഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. ധര്മരാജന് അധ്യക്ഷത വഹിച്ചു. അതേസമയം, നീരോലിത്തോടിന്റെ അരിക് കെട്ടുന്നത് നടക്കുന്നതിനാലാണ് റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതെന്ന് ഡിവിഷന് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന് പറഞ്ഞു. നേരത്തേ നഗരസഭ അനുവദിച്ച ഒമ്പത് ലക്ഷം രൂപയുടെ ഫണ്ടുപയോഗിച്ച് കുറച്ചു ഭാഗം കെട്ടിയിരുന്നു. കരിങ്കല്ലും മറ്റും ഇറക്കി ഈ ഭാഗത്തെ റോഡ് തകര്‍ന്നതിനാലാണ് അറ്റകുറ്റപ്പണി നടത്താന്‍ മണ്ണുമാന്തി ഉപയോഗിച്ച് ടാര്‍ നീക്കിയത്. എന്നാല്‍, തോടിന്റെ ബാക്കി ഭാഗംകൂടി അരികുകെട്ടാന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാല്‍ അത് ആരംഭിക്കും. അതുംകൂടി പൂര്‍ത്തിയാക്കിയശേഷം റോഡ് പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തുമെന്നും കൗണ്‍സിലര്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും