സുബ്രഹ്മണ്യന് ഓണ സമ്മാനമായി വീട് വൈദ്യുതീകരിച്ച് നല്കി കെഎസ്ഇബി ജീവനക്കാര്‍
കരുവന്നൂര്‍: കരുവന്നൂര്‍ ഇലക്ടിക്കല്‍ മേജര്‍ സബ്ഡിവിഷന് പരിധിയിലെ നിര്‍ധനനായ ആറാട്ടുപുഴ കരോട്ടുമുറി തുര്പ്പുമഠത്തില് സുബ്രഹ്മണ്യന്റെ കൊച്ചു വീട്ടിലും വൈദ്യുതി വെളിച്ചമെത്തി. പതിനഞ്ച് വര്‍ഷമായി തനിച്ച് താമസിക്കുന്ന സുബ്രഹ്മണ്യന് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. പണിയില്ലാത്തപ്പോള്‍ കരുവന്നൂര്‍ പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ച് വിറ്റാണ് ഉപജീവനം കഴിക്കുന്നത്. തന്റെ വീട് വൈദ്യുതീകരിക്കാന്‍ മാര്‍ഗമില്ലാത്ത ഇദ്ദേഹം മണ്ണെണ്ണ വിളക്കും, മെഴുകുതിരിയും കത്തിച്ചാണ് ഇരുട്ടകറ്റിവന്നിരുന്നത്. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സരിതയില്‍ നിന്നും ഇദ്ദേഹത്തിന്റെ നിസഹായാവസ്ഥ കേട്ടറിഞ്ഞ കരുവന്നൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് വീട് സൗജന്യമായി വീട് വയറിംഗ് ചെയ്ത് നല്കി വൈദ്യുതി കണക്ഷന് വേണ്ട നടപടികള്‍ സ്വീകരിച്ചു. അങ്ങിനെ സുബ്രഹ്മണ്യന്റെ വീട്ടില്‍ ഇക്കുറി ഓണത്തിന് പ്രകാശത്തിന്റെ പൂക്കളമൊരുക്കി. കെഎസ്ഇബി കരുവന്നൂര്‍ സബ്ബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം.എസ്. സാബു സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍ എ.വി. ജയന്തി, സബ് എഞ്ചിനീയര്‍മാരായ എം.ഡി. ജോബി, കവിരാജ്, കെ.പി. ശ്രുതി, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തംഗം വിശ്വനാഥന്, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സരിത വിശ്വനാഥന്, കെഎസ്ഇബി കരുവന്നൂര്‍ സെക്ഷനിലെ ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.