ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: മാലിന്യ സംസ്കരണത്തിന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ വീടുകളെയും സ്ഥാപനങ്ങളെയും പ്രവര്‍ത്തന പരിധിയില്‍ കൊണ്ടുവരുന്നതിന് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. ഹരിതമിത്രം സ്മാര്‍ട്ട് ഹാര്ബേജ് ആപ്പ് എന്ന പേരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മാലിന്യശേഖരണവും പരിപാലനവും നടത്താന്‍ കഴിയുന്ന സംവിധാനം നാളെ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യും. ഇതിനുമുന്നോടിയായി 13 ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ മുഖേന പലിശയില്ലാത്ത വായ്പ ഉപയോഗിച്ചാണ് ഫോണുകള്‍ വിതരണം ചെയ്തിട്ടുള്ളത്. സ്മാര്‍ട്ട് ഫോണുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എച്ച.് ഷാജിക്, ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. അനീഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത ബാബു, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് ചന്ദ്രന്, വിഇഒ പ്രജിത എന്നിവര്‍ പ്രസംഗിച്ചു.