തൊഴിലില്ലായ്മക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ്
ഇരിങ്ങാലക്കുട: യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് നവംബര്‍ മൂന്നിന് ഡിവൈഎഫ്ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പാര്‍ലിമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാല്‍നട പ്രചാരണ ജാഥ സമാപിച്ചു. സമാപന പൊതുസമ്മേളനം മാപ്രാണം സെന്ററില്‍ വച്ച് ഡിവൈഎഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിവൈഎഫ്ഐ മാപ്രാണം മേഖല സെക്രട്ടറി കെ.വി. അജിത്കുമാര്‍ സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.ഡി. യദു നന്ദിയും രേഖപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. മനുമോഹന്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, സിപിഐ(എം) ഏരിയ കമ്മിറ്റിയംഗം എംബി രാജു മാസ്റ്റര്‍, വിഷ്ണു പ്രഭാകരന്, ശരത് ചന്ദ്രന്, അഖില്‍ ലക്ഷ്മണന്, എം.എസ്. സഞ്ചയ്, പി.എം. നന്ദുലാല്‍, നവ്യ കൃഷണ, എം.വി. ഷില്‍വി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജാഥയുടെ മൂന്നാം ദിനം പര്യടനം രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ വച്ച് ഡിവൈ എഫ്ഐ മുന്‍ ബ്ലോക്ക് സെക്രട്ടറി സി.ഡി. സിജിത്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് പി.വി. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ഗാന്ധിഗ്രാം, പുല്ലൂര്‍ സെന്റര്‍, ആനുരുളി, മുരിയാട്, ആനന്ദപുരം എന്നീ പ്രദേശങ്ങളിലൂടെ പര്യടനം നടത്തി. ആനന്ദപുരം സെന്ററില്‍ വച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്് ആര്.എല്‍. ശ്രീലാല്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഐ.വി. സജിത്ത് ക്യാപ്റ്റനായും, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസി പ്രകാശന് വൈസ് ക്യാപ്റ്റനായും, ബ്ലോക്ക് പ്രസിഡന്റ്് അതീഷ് ഗോകുല്‍ മാനേജറുമായ ജാഥയാണ് മാപ്രാണം സെന്ററില്‍ സമാപിച്ചത്.