ഓണ്‍ലൈനിലൂടെ ആളുകളെ വഞ്ചിച്ച് വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഓണ്‍ലൈനിലൂടെ ആളുകളെ വഞ്ചിച്ച് വന്‍തുകകള്‍ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി അജിത് കുമാര്‍ മണ്ഡല് (22) നെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. 2021 ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവിന്റെ 40,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ആവലാതിക്കാരിയുടെ ഭര്‍ത്താവിന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ട് ബ്ളോക്ക് ആയെന്നും കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക് എന്ന വ്യാജേന എസ്ബിഐയുടേതെന്ന് തോന്നിക്കുന്ന ഒരു ലിങ്ക് മൊബൈലിലേക്ക് എസ്എംഎസ് ആയി അയച്ച് കൊടുത്തതാണ് തട്ടിപ്പിന്റ തുടക്കം. തനിക്ക് വന്നത് വ്യാജ സന്ദേശമാണെന്ന് അറിയാതെ മേല്പറഞ്ഞ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് ബാങ്കിന്റേത് എന്ന് തോന്നിപ്പിക്കുന്ന വെബ്ബ്സൈറ്റില്‍ തന്റെ ബാങ്ക് ഡീറ്റയില്‍സും ഡെബിറ്റ് കാര്‍ഡ് ഡീറ്റയില്‍സും തുടര്‍ന്ന് തന്റെ മൊബൈലിലേക്ക് വന്ന ഒട്ടിപികളും കൊടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ട്രാന്സാക്ഷനുകളിലൂടെ ആവലാതിക്കാരിയുടെ 40,000 ത്തോളം രൂപ നഷ്ടപ്പെടുകയായിരുന്നു. താന്‍ തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയ ആവലാതിക്കാരി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ഐപിഎസിന് പരാതി നല്‍കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി വിശദമായി അന്വേഷിക്കാന്‍ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറെ ഏല്‍പ്പിക്കുകയും അന്വേഷണത്തിനായി സൈബര്‍ വിദഗ്ധരടങ്ങിയ സ്പെഷ്യല്‍ ടീം രൂപീകരിക്കുകയും ചെയ്തു. പ്രതി ഇത്തരം കൃത്യങ്ങള്‍ ചെയുന്നതിനായി വിവിധ അഡ്രസിലുള്ള 50ല്‍ പരം സിംകാര്‍ഡുകളും 25 ഓളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നു. ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും സിം നമ്പറുകളും പിന്നീട് പ്രതി ഉപയോഗിക്കാറില്ല.