ലഹരി വിരുദ്ധതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡോണ്‍ബോസ്കോ സ്കൂളിൽ ലഹരി മുക്ത നവകേരള റാലി
ഇരിങ്ങാലക്കുട: ലഹരി മുക്ത നവകേരള റാലി ഡോണ്‍ബോസ്കോയില്‍ ലഹരി വിരുദ്ധതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍സിസി, സ്കൗട്ട്, ഗൈഡ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലഹരി മുക്ത നവകേരളറാലി സംഘടിപ്പിച്ചു. രാവിലെ 9.30 തോടെ സ്കൂളില്‍ നിന്ന് ആരംഭിച്ച റാലി ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ പി.കെ. ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യുകയും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു റാലിക്ക് നേതൃത്വം നല്‍കുകയും ചെയ്തു. സ്കൂളിന്റെ റെക്ടറും മാനേജരുമായ റവ. ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ റാലിക്ക് ആശംസകള്‍ നേര്‍ന്നു. വര്‍ധിച്ചു വരുന്ന ലഹരി സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ പി.കെ. ജോര്‍ജ് സംസാരിച്ചു. സ്വന്തം ജീവിതത്തെയും സ്വപ്നത്തേയും താറുമാറാക്കിക്കൊണ്ട് കുഞ്ഞുജീവിതങ്ങളിലേക്ക് കരാള ഹസ്തവുമായി കടന്നുവരുന്ന ലഹരിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കുട്ടികള്‍ ഈ റാലിയില്‍ പങ്കെടുത്തത്. ഏറ്റവും വിപുലമായ രീതിയില്‍ ടാബ്ലോയുടെ അകമ്പടിയോടെ നടത്തിയ റാലി 11.00 മണിയോടെ സ്കൂളില്‍ സമാപിച്ചു.