വന്‍ മദ്യവേട്ട; തേങ്ങ നിറച്ച് പിക്കപ്പ് വാനില്‍ നിന്നും 1440 ലിറ്റര്‍ അന്യ സംസ്ഥാന വിദേശ മദ്യവുമായി യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട: തേങ്ങ നിറച്ച് പിക്കപ്പ് വാനില്‍ നിന്നും 1440 ലിറ്റര്‍ അന്യ സംസ്ഥാന വിദേശ മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയില്‍. തിരുവനന്തപുരം ആറ്റിപ്ര മുക്കാലക്കല്‍ തെക്കേ വിളാകം വീട്ടില്‍ കൃഷ്ണപ്രകാശ് (24) നെയാണ് കഴിഞ്ഞ ദിവസം രാത്രി എക്സൈസ് സംഘം നടത്തി വാഹപരിശോധനക്കിടയിലാണ്പലിയേക്കര ടോള്‍ പ്ലാസ് പരിസരത്ത് വച്ച് പിടികൂടിയത്. മാഹിയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. അര ലിറ്ററിന്റെ കുപ്പികള്‍ 160 പെട്ടികളിലായിട്ടാണ് മദ്യം കൊണ്ട് വന്നിരുന്നത്. സംശയം തോന്നാതിരിക്കാന്‍ പൊതിച്ച തേങ്ങ വണ്ടിയില്‍ നിറച്ച് വെച്ചിരുന്നു. എതാനും മാസങ്ങള്‍ക്ക് മുമ്പ് സമാനമായ കേസില്‍ പ്രതിയെ വാടാനപ്പിളളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും ഇതേ വാഹനത്തില്‍ തന്നെയാണ് മദ്യം കടത്തിയിരുന്നത്. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലേക്കാണ് മദ്യം കടത്തി കൊണ്ട് പോകുന്നതെന്നാണ് വ്യക്തമായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും എക്സൈസ് അധികൃതര്‍ സൂചിപ്പിച്ചു. ഇരട്ടി വിലക്കാണ് മദ്യത്തിന്റെ വില്പന നടത്തുന്നത്. എക്സൈസ് സംഘത്തിന്റെ ജാഗ്രതയാണ് പ്രതിയെ പിടികൂടാന്‍ കാരണമായതെന്നും അസി.എക്സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാര്‍ പറഞ്ഞു. എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അനൂപ്കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ എ അനീഷ് , ഉദ്യോഗസ്ഥരായ ജോഷി, സുനില്‍ ,ജി വേഷ് , അമ്യത എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.