കാത്തുനിന്നാല്‍ നിലം പൊത്തുന്നതു കാണാം; ജീവന് ഭീഷണി; കെട്ടിടം പൊളിച്ച് നീക്കണമെന്ന് വയോധികര്‍, പരാതിയില്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍

കാലപ്പഴക്കം ഉള്ളതും താമസമില്ലാത്തതുമായ അപകടാവസ്ഥയിലായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയിലെ ഓടിട്ട കെട്ടിടം.
ഇരിങ്ങാലക്കുട: ജീവന് ഭീഷണിയായി തുടരുന്ന അയല്‍വാസിയുടെ കാലപ്പഴക്കം ഉള്ളതും താമസമില്ലാത്തതുമായ ഓടിട്ട കെട്ടിടം പൊളിച്ച് നീക്കണമെന്ന വയോധികരുടെ പരാതിയില്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. ഇരിങ്ങാലക്കുട നഗരസഭയില്‍ വാര്‍ഡ് 22 ല്‍ സൗത്ത് ബസാര്‍ റോഡില്‍ താമസിക്കുന്ന തെക്കേകര വീട്ടില്‍ 90 വയസ്സുള്ള ആന്റണിയും 80 വയസ്സുള്ള ഭാര്യയുമാണ് ഭരണകൂടത്തിന്റെ നടപടികളും കാരുണ്യവും കാത്ത് കഴിയുന്നത്.
ഓടിട്ട കെട്ടിടം തങ്ങളുടെ വീട്ടിലേക്കും റോഡിലേക്കും തകര്‍ന്ന വീഴാവുന്ന അവസ്ഥയിലാണെന്നും ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് 2022 ല്‍ തന്നെ താലൂക്ക് ഓഫീസിലും നഗരസഭയിലും പരാതി നല്‍കിയിരുന്നതാണെന്ന് ആന്റണി പറയുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആര്‍ഡിഒ വിനും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ തെക്കേക്കര വീട്ടില്‍ ആന്റണിയും അപകടാവസ്ഥയിലുള്ള കെട്ടിട്ടത്തിന്റെ ഉടമയും തമ്മില്‍ തര്‍ക്കത്തിലാണെന്നും നേരത്തെ ഇരുക്കൂട്ടരുമായും ചര്‍ച്ച നടത്തിയിട്ടുള്ളതാണെന്നും അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് അളന്ന് നല്‍കുന്നതിനായി റവന്യൂവിന് നല്കിയ അപേക്ഷയ്ക്ക് മറുപടി കിട്ടിയിട്ടില്ലെന്നും നഗരസഭ അധികൃതര്‍ പറയുന്നു. ആഗസ്റ്റ് എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം കത്ത് നല്‍കിയിട്ടുണ്ട്.