ഇരിങ്ങാലക്കുട ടൗണിന്റെ വികസന പ്രവര്ത്തനങ്ങള്ക്ക് നാട് യുഡിഎഫിനോട് കടപ്പെട്ടിരിക്കുന്നു- കേരള കോണ്ഗ്രസ്

കേരള കോണ്ഗ്രസിന്റെ ടൗണ് നോര്ത്ത് സോണ് കുടുംബ സംഗമം കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ.തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ടൗണിലെ വികസന പ്രവര്ത്തനങ്ങള്ക്ക് നാട് കടപ്പെട്ടിരിക്കുന്നത് യുഡിഎഫിനോടാണെന്നും വികസന പ്രവര്ത്തനങ്ങള് എത്രയും വേഗം പൂര്ത്തീകരിക്കണമെന്നും കേരള കോണ്ഗ്രസിന്റെ ടൗണ് നോര്ത്ത് സോണ് കുടുംബ സംഗമം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലത്തില് നടക്കുന്ന 100 കുടുംബ സംഗമങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പല് ടൗണ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ജില്ലാ സെക്രട്ടറി പി.ടി. ജോര്ജ്ജിന്റെ അധ്യക്ഷതയില് കൂടിയ സംഗമത്തിലാണ് അഭിപ്രായം ഉണ്ടായത്. ഠാണാ- ചന്തക്കുന്ന് വികസനം, ജനറല് ആശുപത്രി, കോര്ട്ട് കോംപ്ലക്സ് എന്നിവ യുഡിഎഫ് ഭരണകാലത്ത് മുന് എംഎല്എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി കൊണ്ടുവന്നിട്ടുള്ളതും നിര്മ്മാണപ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നുതുമാണ്.
എന്നാല് പിന്നീട് വന്ന എല്ഡിഎഫ് ജനപ്രതിനിധികള് വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നതു മൂലം ഈ പ്രവര്ത്തനങ്ങള് സാവകാശമായ നിലയിലാകുകയും ചെയ്തു. എന്നാല് ഈ വികസന പ്രവര്ത്തനങ്ങളില് ഇപ്പോള് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത് അപഹാസ്യകരവുമാണെന്ന് കുടുംബ സംഗമം കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട മുനിസിപ്പല് ടൗണില് തല ഉയര്ത്തി നില്ക്കുന്ന ഒട്ടുമിക്ക വികസന പ്രവര്ത്തനങ്ങളും യുഡിഎഫ് സംഭാവനകളാണെന്നത് അവിതര്ക്കിതമായ സത്യങ്ങളാണെന്നും സംഗമം ചൂണ്ടിക്കാട്ടി.
കുടുംബ സംഗമം കേരള കോണ്ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല് സെക്രട്ടറി മിനി മോഹന്ദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന് എന്നിവര് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ വര്ഗീസ് കരിപ്പായി, പോള് മാളിയേക്കല്, വിന്സെന്റ് കിഴക്കേപ്പീടിക, ജോര്ജ്ജ് ചിരിയന്, റപ്പായി അരിമ്പൂപറമ്പില് ഡേവിസ് എരിഞ്ഞേരി, ലാലു ചിറമ്മല്, വില്സന് ജോസഫ്, ഡേവിസ് മാളിയേക്കല്, മേഴ്സി റപ്പായി, വിന്സെന്റ് അരിമ്പൂപ്പറമ്പില്, കെ.ആര്. ജോയ് എന്നിവര് പ്രസംഗിച്ചു.