ഫാ. ഐസക്ക് ആലപ്പാട്ട് സിഎംഐ (86) നിര്യാതനായി
ഇരിങ്ങാലക്കുട: തൃശൂര്‍ ദേവമാത പ്രവിശ്യാംഗമായ ഫാ. ഐസക്ക് ആലപ്പാട്ട് സിഎംഐ (86) നിര്യാതനായി. ഇരിങ്ങാലക്കുട രൂപത കാട്ടൂര്‍ ഇടവക പാലത്തിങ്കല്‍ വാറുണ്ണി-താണ്ടമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ മൂന്നാമനാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമാംഗമായിരുന്ന അച്ചന് കാട്ടൂര്‍ സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രാഥമിക പഠനത്തിനു ശേഷം ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രി പഠനവും ഡിഗ്രി പഠനവും ഗോള്‍ഡ് മെഡലോടെ പൂര്‍ത്തിയാക്കി. തേവര തിരുഹൃദയ കോളജില്‍ ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കും, അമേരിക്കയിലെ ലൊയോള യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്യൂണിക്കേഷന്‍ ആര്‍ട്ടില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. ധര്‍മ്മാരാമില്‍ നിന്ന് തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ചതിനു ശേഷം 1969 ല്‍ അഭിവന്ദ്യ ജോര്‍ജ് ആലപ്പാട്ട് പിതാവില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് പുരോഹിതനായി അഭിഷിക്തനായി. അതിനു ശേഷം വിവിധ സ്ഥാപനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ചു. ഹോളിവുഡില്‍ പോയി സിനിമയുടെ അക്കാദമികവും സൗന്ദര്യ ശാസ്ത്രപരവുമായ അംശങ്ങളില്‍ ആധികാരമായ പഠനം നടത്തിയ ആദ്യത്തെ മലയാളി വൈദികനാണ്. കോളജ് അധ്യാപകന്, സുവിശേഷ പ്രഘോഷകന്, ഹോസ്റ്റല്‍ വാര്ഡന്, എഴുത്തുകാരന്, സിനിമ സംവിധായകന്, മാധ്യമ സാംസ്കാരിക വിചക്ഷണന്‍, ചേതന മീഡിയ മിനിസ്ട്രിയുടെ തുടക്കക്കാരന് തുടങ്ങി നിരവധി മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ദീര്‍ഘകാലം ക്രൈസ്റ്റ് കോളേജില്‍ സുവോളജി അധ്യാപകനായിരുന്നു. തന്റെ തൂലികയില്‍ വിരിഞ്ഞ ഒരു പിടി പുസ്തകങ്ങള്‍ ഇന്നും അറിവിന്റെ ജ്വാല മനുഷ്യ ഹൃദയങ്ങളിലേക്കെത്തിക്കുന്നു. ശാസ്ത്രലോകത്തിനും മാധ്യമ ലോകത്തിനും വായനാ ലോകത്തിനും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10 നു ഇരിങ്ങാലക്കുട ക്രൈസ്റ്റ് അശ്രമ ദേവാലയത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റേയും ദേവമാത പ്രവിശ്യാധിപന്‍ ഫാ. ഡേവിസ് പനക്കലിന്റെയും കാര്‍മികത്വത്തില്‍ നടക്കും. സഹോദരങ്ങള്‍: പരേതയായ സിസ്റ്റര്‍ സെര്‍ജിയ എഫ്സിസി, സിസ്റ്റര്‍ കാര്‍മ്മല്‍ എഫ്സിസി, പരേതനായ പോള്‍ ജി. പാലത്തിങ്കല്‍, സിസ്റ്റര്‍ ഹെര്‍മണ്‍ സിഎംസി, ഡെയ്സി ആന്റോ, ആന്റണി ജി. പാലത്തിങ്കല്‍.