പൈതൃക കെട്ടിടം ജീര്ണാവസ്ഥയില്; സ്ഥാപിച്ചത് 1884 ല്‍ കൊച്ചി രാജാവ്
കച്ചേരിവളപ്പിലെ കെട്ടിടം സ്ഥാപിച്ചത് 1884 ല്‍ കൊച്ചി രാജാവ്
ഏഴുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല
ഇരിങ്ങാലക്കുട: നിയമപാലനത്തിന്റെ ചരിത്രസ്മൃതികളുറങ്ങുന്ന ജില്ലയിലെ ആദ്യകാല കച്ചേരികളിലൊന്നായ ഇരിങ്ങാലക്കുട കച്ചേരിപറമ്പിലെ പൈതൃക കെട്ടിട സമുച്ചയങ്ങള്‍ കാടുകയറി നശിക്കുന്നു. നിയമപാലനത്തിന്റെ ചരിത്രസ്മൃതികളുറങ്ങുന്ന ജില്ലയിലെ ആദ്യകാല കച്ചേരികളിലൊന്നാണ് അവഗണയുടെ നടുവില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ഇരിങ്ങാലക്കുട കച്ചേരി. കോടതി മുറികളും അനുബന്ധ ഓഫീസ് കെട്ടിടങ്ങളുമാണു ജീര്‍ണാവസ്ഥയിലുള്ളത്. ഇരിങ്ങാലക്കുടയുടെ പൈതൃക സ്വത്തായി സംരക്ഷിക്കപ്പെടേണ്ട കെട്ടിടത്തിനാണ് ഈ ദുര്‍ഗതി. 1884 കാലഘട്ടത്തില്‍ കൊച്ചി മഹാരാജാവാണ് ഇരിങ്ങാലക്കുടയില്‍ മുന്‍സിഫ് കോടതി പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ മജിസ്ട്രേറ്റ് കോടതി മാത്രമാണു പ്രവര്‍ത്തിക്കുന്നത്. കാടുകയറിയ കെട്ടിടം ചോര്‍ന്നൊലിക്കാതിരിക്കാന്‍ മേല്‍ക്കൂരയാകെ ഷീറ്റിട്ടിരിക്കുകയാണ്. ആദ്യകാലത്ത് അഡൂര്‍ എന്നറിയപ്പെട്ടിരുന്ന അന്നമനട വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ച താലൂക്കിലെ ആദ്യത്തെ മജിസ്ട്രേറ്റ് കോടതി പിന്നീട് ഇരിങ്ങാലക്കുട കച്ചേരിയിലേക്കു മാറ്റിസ്ഥാപിക്കുകയായിരുന്നു. മുന്‍ മന്ത്രിമാരായ പനമ്പിള്ളി ഗോവിന്ദമേനോന്, കെ.ടി. അച്യുതന്, എംഎല്‍എമാരായ കെ.വി.കെ. വാരിയര്‍, സി.കെ. രാജന്, പി.കെ. ഇട്ടൂപ്പ് തുടങ്ങിയ പ്രഗത്ഭര്‍ ഇരിങ്ങാലക്കുട കച്ചേരിയില്‍ അഭിഭാഷകരായിരുന്നു. നാലു നിയോജകമണ്ഡലങ്ങളും രണ്ടു നഗരസഭകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും 27 പഞ്ചായത്തുകളും 59 വില്ലേജുകളും 13 പോലീസ് സ്റ്റേഷനുകളും നാല് എക്സൈസ് ഓഫീസുകളുമടങ്ങുന്ന മുകുന്ദപുരം താലൂക്കിനു പുറമെ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ മുക്കാല്‍ ഭാഗവും വരുന്ന പ്രദേശത്തെ നിയമപാലനം ഈ കച്ചേരിക്കു കീഴിലായിരുന്നു. ഒന്നര ഏക്കറിലുള്ള കച്ചേരി കെട്ടിടത്തിന്റെ രൂപകല്‍പ്പന ബ്രിട്ടീഷ് ശൈലിയാണ്. ഇരിങ്ങാലക്കുടയില്‍ നിലവിലുള്ള പല കോടതികളും അടുത്തകാലം വരെ ഈ വളപ്പിലാണു പ്രവര്‍ത്തിച്ചിരുന്നത്. കാറ്റും വെളിച്ചവും കിട്ടുന്ന വിശാലമായ മുറികളും ഇടനാഴികളും അകത്തളങ്ങളുമൊക്കെയുള്ളതാണു കെട്ടിടം. 2005 ല്‍ പൊറത്തിശേരിയിലെ സിവില്‍ സ്റ്റേഷന് കെട്ടിടത്തിലേക്കു കോടതികളില്‍ പലതും മാറിയതോടെ കച്ചേരി കെട്ടിടം അവഗണനയിലായി. ആള്‍പെരുമാറ്റവും പരിപാലനവും കുറഞ്ഞതോടെ കച്ചേരിവളപ്പ് കാടുകയറി ഇഴജീവികളുടെ താവളമായി. വള്ളിപടര്‍പ്പുകള്‍ പലയിടത്തും കെട്ടിടത്തിനു മുകളിലേക്കു കയറിത്തുടങ്ങി. കെട്ടിടത്തിന്റെ പല വാതിലുകളും ജനാലകളും തകര്‍ന്നു. ചിലയിടങ്ങളില്‍ മേല്‍ക്കൂര ഇടിഞ്ഞു വീണതിനാല്‍ മഴ കൊണ്ടു ചുമരുകള്‍ക്കു ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കുട്ടംകുളം സമരമടക്കമുള്ള ഒട്ടേറെ വ്യവഹാരങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഈ പൈതൃക കെട്ടിടത്തിനൊപ്പം ഇരിങ്ങാലക്കുടയുടെ ചരിത്രം കൂടിയാണു ചിതല് മൂടുന്നത്.