കൗണ്‍സില്‍ യോഗത്തില്‍ ബഹളം, അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം, എല്‍ഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി,
നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ ആരോപണം, വിഷയത്തില്‍ വിശദീകരണവുായി മുനിസിപ്പല്‍ എന്‍ജിനീയര്‍
ഇരിങ്ങാലക്കുട: നഗരസഭാ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവും. എല്‍ഡിഎഫ് അംഗവും, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ സി.സി. ഷിബിനെതിരെയാണ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ആരോപണമുന്നയിച്ചത്. യോഗാരംഭത്തിനു മുന്‍പ് മുനിസിപ്പല്‍തല പരിപാടികള്‍ വാര്‍ഡുകളില്‍ സംഘടിപ്പിക്കുമ്പോള്‍ വാര്‍ഡ് കൗണ്‍സിലറെ അധ്യക്ഷനാക്കാത്തതുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കുന്നതിനിടയില്‍ പൊതുമരാമത്ത് വിഭാഗം നഗരസഭയില്‍ പരാജയമാണന്ന് സി.സി. ഷിബിന്‍ ആരോപിച്ചിരുന്നു. ഷിബിന്റെ വാര്‍ഡില്‍ റോഡ് നിര്‍മാണത്തിനിടയില്‍ സ്വകാര്യവ്യക്തിയുടെ വഴിയിലേക്ക് ആറു മീറ്റര്‍ റോഡ് ടാര്‍ ചെയ്തു നല്കാന് ആവശ്യപ്പെട്ടതായും താന്‍ ഇക്കാര്യം അനുവദിച്ചില്ലെന്നും മുനിസിപ്പല്‍ എന്‍ജിനീയര്‍ പറഞ്ഞതായി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. ആരോപണം നിഷേധിച്ച സി.സി. ഷിബിന്‍ ഇക്കാര്യം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഷിബിനു പിന്തുണയുമായി എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തു വന്നു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നിന്ന ചെയര്‍പേഴ്സണ്‍ സോണിയ ഗിരി വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിന് മുനിസിപ്പല്‍ എന്‍ജിനീയര്‍ ഗീതാകുമാരിയെ കൗണ്‍സില്‍ യോഗത്തിലേക്ക് വിളിച്ചു വരുത്തി. മുനിസിപ്പല്‍ എന്‍ജിനീയറുടെ വിശദീകരണത്തില്‍ വ്യക്തത വരാതായതോടെ വീണ്ടും അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിന് വഴിവച്ചു. ഇതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്സണ്‍ സോണിയ ഗിരിക്കു മുന്പില് പ്രതിഷേധിച്ചു. മുനിസിപ്പല്‍ എന്‍ജിനീയറെ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം ടി.കെ. ഷാജു രംഗത്തു വന്നതോടെ സി.സി. ഷിബിനും ടി.കെ. ഷാജുവും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കി. ഇരുവിഭാഗത്തു നിന്നുമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മുനിസിപ്പല്‍ എന്‍ജിനീയറുടെ വിശദീകരണം വന്നതോടെ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ആരോപണം പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.കെ.ആര്. വിജയ ആവശ്യപ്പെട്ടു. എന്നാല്‍ തന്നോട് മുനിസിപ്പല്‍ എന്‍ജിനീയര്‍ പറഞ്ഞ കാര്യമാണ് താന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിട്ടുള്ളതെന്നും, ഇക്കാര്യം മുനിസിപ്പല്‍ എന്‍ജിനീയര്‍ നിഷേധിച്ചിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. ഒരുമണിക്കൂര്‍ യോഗം ബഹളത്തില്‍ മുങ്ങി. താന്‍ ആരെയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, കൗണ്‍സിലറുടെ വാര്‍ഡില്‍ ഇത്തരമൊരു വിഷയം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ചെയര്‍പേഴ്സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ ആശയക്കുഴപ്പമാകാം ഇത്തരമൊരു പരാമര്‍ശത്തിനു ഇടയാക്കിയതെന്ന് മുനിസിപ്പല്‍ എന്‍ജിനീയര്‍ ഗീതാകുമാരി വിശദീകരിച്ചതോടെയാണ് ഇരുവിഭാഗവും ശാന്തരായത്. നഗരസഭയുടെ പരിപാടികള്‍ വാര്‍ഡുതലത്തില്‍ സംഘടിപ്പിക്കുമ്പോള്‍ വാര്‍ഡു കൗണ്‍സിലറെ അധ്യക്ഷനാക്കണമെന്നും സ്്റാന്ഡിംഗ് കമ്മറ്റി ചെയര്മാന്മാര്ക്കു പോലും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മറ്റികളില്‍ കൂടിയാലോചന നടത്തണമെന്നും അഡ്വ.കെ.ആര്. വിജയ പറഞ്ഞു. സ്വന്തം വാര്‍ഡിലെ പരിപാടി നോട്ടീസ് മുഖാന്തിരമാണ് അറിഞ്ഞതെന്നും മാര്ട്ടിന് ആലേങ്ങാടന്‍ ആരോപിച്ചു. വയോമിത്രം ക്യാമ്പും, ടാക്സ് കളക്ഷന്‍ സെന്ററും കൗണ്‍സിലര്‍മാരുടെ വീടുകളില്‍ നടത്തുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. നഗരസഭ പരിപാടികളില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ തയാറാണന്നും സോണിയ ഗിരി പറഞ്ഞു.