പൊറത്തിശേരി വില്ലേജ് ഓഫീസില്‍ ജനറേറ്ററില്ല; വൈദ്യുതി നിലച്ചാല്‍ സര്‍ട്ടിഫിക്കറ്റില്ല
കരുവന്നൂര്‍: വൈദ്യുതി നിലച്ചാല്‍ പൊറത്തിശേരി വില്ലേജ് ഓഫീസില്‍നിന്നുള്ള സേവനങ്ങള്‍ നിലയ്ക്കും. ജനറേറ്ററോ പ്രിന്റ് ചെയ്യാന്‍ കപ്പാസിറ്റിയുള്ള യുപിഎസ് സൗകര്യമോ ഇല്ലാത്തതാണു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. വേനല്‍ രൂക്ഷമായതോടെ വൈദ്യുതി ഇടയ്ക്കിടെ മുടങ്ങുന്നതുമൂലം സേവനങ്ങള്‍ക്കായി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണു ജനങ്ങള്‍. മുകുന്ദപുരം താലൂക്കിലെ ഏറ്റവും വലിയ വില്ലേജുകളില്‍ ഒന്നാണു പൊറത്തിശേരിയിലേത്. മൂന്നു കംപ്യൂട്ടറുകളാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ളത്. ഭൂമി കരംതീര്‍ത്ത രശീത്, പഠനാവശ്യങ്ങള്‍ക്കും മറ്റുമുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, ലൊക്കേഷന്‍ സ്കെച്ച്, എല്‍എ, ആര്‍ആര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്കായി ഒട്ടേറെപ്പേരാണു ദിവസവും ഇവിടെയെത്തുന്നത്. എന്നാല്‍ വേഗം കുറഞ്ഞ ഇന്റര്നെറ്റായതിനാല് ഓരോ കാര്യത്തിനായി ഒരുപാടു സമയം വേണ്ടിവരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി റവന്യുവകുപ്പ് അടിയന്തരമായി ഇടപെടണമെന്നു മഹാത്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു. വില്ലേജ് ഓഫീസ് പ്രവര്‍ത്തനങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനായിട്ടായിരുന്നു യോഗം. ബാക്കപ്പ് സിസ്റ്റം അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.