ഭക്ഷ്യവിഷബാധ തടയല്‍: കര്‍ശന പരിശോധനയുമായി ആരോഗ്യവകുപ്പ് 13 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
കോണത്തുകുന്ന്: ഭക്ഷ്യവിഷബാധ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. കരൂപ്പടന്ന, മുസാഫരിക്കുന്ന്, പെഴുംകാട്, കോണത്തുകുന്ന്, വെള്ളാങ്കല്ലൂര്‍ സെന്റര്‍ എന്നീ പ്രദേശങ്ങളിലെ ബാര്‍, ഹോട്ടലുകള്‍, ടീ ഷോപ്പുകള്‍, സ്റ്റേഷനറിക്കടകള്‍, ബേക്കറികള്‍, സംഭരണ കേന്ദ്രങ്ങള്‍, മീന്‍തട്ടുകള്‍, പെറ്റ് ഷോപ്പുകള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി പിഴ ഈടാക്കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച എട്ടു സ്ഥാപനങ്ങള്‍, പഴകിയ എണ്ണ ഉപയോഗിക്കുന്നതായി കണ്ടെത്തിയ രണ്ടു സ്ഥാപനങ്ങള്‍, വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന മൂന്നു സ്ഥാപനങ്ങള്‍, ജീവനക്കാര്‍ക്ക് ഫിറ്റ്നെസ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാലു സ്ഥാപനങ്ങള്‍ എന്നിവ കണ്ടെത്തി. രണ്ടു സ്ഥാപനങ്ങളില്‍ നിന്നു കാലാവധി കഴിഞ്ഞ പാക്കറ്റ് സാധനങ്ങള്‍ കണ്ടെടുത്തു നശിപ്പിച്ചു. ഏപ്രില്‍ അവസാനം പഞ്ചായത്തിലെ 14 പേര്‍ക്കു ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം പരിശോധന നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും 5000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വെള്ളാങ്കല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എ. അനില്‍കുമാര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ്. ശരത്കുമാര്, എം.എം. മദീന, കെ.എസ്. ഷിഹാബുദ്ദീന്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന് സനല്‍ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കര്‍ശനമായ പരിശോധന തുടരുമെന്നു പഞ്ചായത്ത് സെക്രട്ടറി കെ. ഋഷി അറിയിച്ചു.
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുളം, ചേലൂര്‍, പൂച്ചക്കുളം എന്നീ പ്രദേശങ്ങളിലെ ബേക്കറി, പച്ചക്കറി, പലചരക്ക് തുടങ്ങിയ ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെ ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി. ലൈസന്‍സ് പുതുക്കാത്തവരോട് ഒരാഴ്ചക്കുള്ളില്‍ ശരിയാക്കാന്‍ നിര്‍ദേശം നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ശിവരഞ്ജിനി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.ജി. ഷാജു, പി.ആര്. ജിനേഷ് എന്നിവരടങ്ങുന്ന ടീമാണു പരിശോധന നടത്തിയത്. വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി പിഴ ഈടാക്കി