തുറവന്‍കാട് മുടിച്ചിറ വീണ്ടും തകര്‍ന്നു, തകരുന്നത് തുടര്‍ച്ചയായ രണ്ടാം വര്‍ഷം
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ മുരിയാട് പഞ്ചായത്തിലെ മുടിച്ചിറ വീണ്ടും ഇടിഞ്ഞു. ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള മുടിച്ചിറ നവീകരണ പ്രവൃത്തികള്‍ എണ്‍പത് ശതമാനവും പൂര്‍ത്തീകരിച്ച ഘട്ടത്തിലാണ് ചിറയുടെ തെക്ക് ഭാഗത്ത് വീണ്ടും ഇടിഞ്ഞത്. സമീപത്തെ റോഡിനും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 35 ലക്ഷവും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക ഫണ്ടില്‍ നിന്നുള്ള 39 ലക്ഷവും ഉപയോഗിച്ച് നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. പണികള്‍ പുരോഗമിക്കുന്നതിനിടയില്‍ കഴിഞ്ഞ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലും ചിറയും അനുബന്ധ റോഡും ഇടിയുകയായിരുന്നു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് 15 ലക്ഷം കൂടി അനുവദിച്ചതിന് ശേഷമാണ് പണികള്‍ പുനരാരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പണികള്‍ നടക്കുന്നത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചിറയില്‍ നിന്നും കോരിയെടുത്ത കളിമണ്ണു സ്വകാര്യ നിലത്തില്‍ നിക്ഷേപിച്ചത് നിലം നികത്താന്‍ ഉപയോഗിച്ചതായുള്ള പരാതി നിലവിലുണ്ട്. ഇപ്പോള്‍ തകര്‍ന്ന സംരക്ഷണഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്തു ആവശ്യത്തിന് മണ്ണിട്ടുയര്‍ത്തിയില്ലെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് മണ്ണ് സ്വകാര്യ നിലം നികത്തുന്നതിന് നല്‍കിയത്. ആ വശത്തു വെള്ളം ഇറങ്ങിയതാണ് ഇപ്പോള്‍ സംരക്ഷണ ഭിത്തി തകരുന്നതിനു കാരണമായത്. നൂറ്റമ്പതോളം മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് ഭിത്തിയാണ് തകര്‍ന്നു ചിറയിലേക്കു മറിഞ്ഞു വീണത്. അശാസ്ത്രീയമായ നിര്‍മാണവും ഭരണസമിതിയുടെ കെടുകാര്യസ്ഥതയുമാണ് ഇതിന്റെ തകര്‍ച്ചക്ക് കാരണമെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിര്‍മിക്കുമ്പോള്‍ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ല. ചെറിയ തോടുകള്‍ കെട്ടുന്ന ലാഘവത്തോടെ ഇത്രയും വലിയ ചിറ കെട്ടാന്‍ തുനിഞ്ഞതിനു പിന്നില്‍ വന്‍സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും ഇതും മണ്ണ് വില്പനയും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് ആവശ്യപ്പെട്ടു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ചിറ വീണ്ടും ഇടിയാന്‍ കാരണമെന്നും ഇത് സംബന്ധിച്ച് നേരത്തെ തങ്ങള്‍ പരാതി നല്‍കിയിരുന്നതാണെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഉത്തരവാദികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ സമരങ്ങളും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ അഖിലാഷ് വിശ്വനാഥന്, കെ.കെ. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.