കൂടല്‍മാണിക്യം ഉത്സവം; കഥകളി രാവുകള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിലെ പ്രധാന പരിപാടികളിലൊന്നാണു കഥകളി. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന കഥകളി രാവുകള്‍ വലിയവിളക്ക് ദിവസത്തെ ശ്രീരാമപട്ടാഭിഷേകം കഥകളിയോടെയാണു സമാപിക്കുക. നളചരിതം മൂന്നാം ദിവസം, ഉത്തരാസ്വയംവരം, നളചരിതം ഒന്നാം ദിവസം, ജയദ്രഥചരിതം, ദുര്യോധനവധം, കര്‍ണശപഥം, ദക്ഷയാഗം, ലവണാസുരവധം, കിരാതം, സന്താനഗോപാലം, പ്രഹഌദചരിതം, ശ്രീരാമപട്ടാഭിഷേകം എന്നീ കഥകളാണ് ഏഴുദിവസത്തെ കഥകളിയില്‍ അവതരിപ്പിക്കുന്നത്. നളചരിതം മൂന്നാം ദിവസം കഥയോടെയാണ് ഈ വര്‍ഷത്തെ കഥകളിരാവുകള്ക്കു തുടക്കമായത്. ഇതില്‍ ബാഹുകനായി കഥകളി ആചാര്യന് കലാമണ്ഡലം ഗോപി അരങ്ങിലെത്തി. തുടര്‍ന്ന് ഉത്തരാസ്വയംവരം കഥകളി അരങ്ങേറി.
കൂടല്‍മാണിക്യത്തില്‍ ഇന്ന്-അഞ്ചാം ഉത്സവം
രാവിലെ 8.30 മുതല്‍ ശീവേലി, ഉച്ചയ്ക്ക് രണ്ടു മുതല്‍ 2.30 വരെ പുത്തന്‍ചിറ ശിവഗംഗ സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 2.30 മുതല്‍ 3.30 വരെ നൃത്യതി നൃത്ത ക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 3.30 മുതല്‍ 4.30 വരെ സൗമ്യ സജികുമാര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 4.30 മുതല്‍ 7.30 വരെ കര്‍ണാടകസംഗീതം (വോക്കല്‍-വിഷ്ണുദേവ് നമ്പൂതിരി, വയലിന്-ആവണീശ്വരം വിനു, മൃദംഗം-പത്രി സതീഷ്കുമാര്‍, ഘടം-വാഴപ്പിള്ളി കൃഷ്ണകുമാര്‍), രാത്രി 7.30 മുതല്‍ ഒമ്പതു വരെ ചിനിബാസ് മഹതോയും സംഘവും അവതരിപ്പിക്കുന്ന പുരുളിയചാവു, ഒമ്പതു മുതല്‍ 10.30 വരെ നിരുപമ രാജേന്ദ്രയും സംഘവും അവതരിപ്പിക്കുന്ന കഥക്, രാത്രി 9.30 മുതല്‍ വിളക്ക്, പഴുവില്‍ രഘു മാരാരിന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം, രാത്രി 12 മുതല്‍ കര്‍ണശപഥം കഥകളി, ദക്ഷയാഗം കഥകളി എന്നിവ നടക്കും.
വൈകീട്ട് 5.30 നു കുലീപിനി തീര്ഥമണ്ഡപത്തില് നാരായണന് നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, 6.30 നു രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം, രാവിലെ ശീവേലിക്കുശേഷം സന്ധ്യാവേലപ്പന്തലില്‍ രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, വൈകീട്ട് 4.30 മുതല്‍ സോപാനസംഗീതം, സന്ധ്യക്ക് കേളി, നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവ ഉണ്ടാകും.