ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പരിശീലനവുമായി മുരിയാട് ഗ്രാമപഞ്ചായത്ത്
മുരിയാട്: ഗ്രാമപഞ്ചായത്തിലെ റാപ്പിഡ് ആക്ഷന്‍ വൊളന്റിയേഴ്സിന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആനുരുളി ബണ്ട് റോഡ് പരിസരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. സന്നദ്ധസേനാംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത, ഭരണസമിതി അംഗങ്ങളായ നിഖിത അനൂപ്, മണി സജയന് തുടങ്ങിയവര്‍ പങ്കെടുത്തു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ സുദര്ശനന്, രാജുമോന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങളും പരിശീലനത്തിനു നേതൃത്വം നല്കി. ദുരന്തനിവാരണ സമിതിക്കു വേണ്ടിയുള്ള പ്രാഥമിക പരിശീലമാണു പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നത്. 60 പേരടങ്ങുന്ന ദുരന്ത നിവാരണ സമിതിയെ സുസജ്ജരാക്കുകയാണു ലക്ഷ്യമിടുന്നത്. രണ്ടാംഘട്ട പരിശീലനം ജൂണ്‍ രണ്ടാമത്തെ ആഴ്ച്ചയില്‍ നടക്കും.