ഫിലോമിനയുടെ ചികിത്സക്ക് പണം നല്‍കിയെന്ന മന്ത്രിയുടെ പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമെന്ന് കുടുംബാംഗങ്ങള്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ 30 ലക്ഷം രൂപ ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടിട്ടും മികച്ച ചികിത്സ ലഭിക്കാതെ മരണമടഞ്ഞ ഏറാട്ടുപറമ്പില്‍ ദേവസിയുടെ ഭാര്യ ഫിലോമിനയ്ക്ക് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ആവശ്യമായ പണം അനുവദിച്ചിരുന്നുവെന്ന സ്ഥലം എംഎല്‍എയും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ ഡോ.ആര്. ബിന്ദുവിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് ഫിലോമിനയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. ഫിലോമിനയുടെ സംസ്കാര ശേഷം മന്ത്രി ആര്. ബിന്ദുവിന്റെ പ്രസ്താവന മാധ്യമ പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം. തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ഫിലോമിനയുടെ ചികിത്സക്കായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ആവശ്യമായ പണം നല്‍കിയിരുന്നുവെന്നും മൃതദേഹവുമായി ബാങ്കിന്റെ മുന്നില്‍ നടത്തിയ സമരം രാഷ്ട്രീയ പ്രേരിതവുമായിരുന്നുവെന്നു മന്ത്രി പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ പാതയോരത്ത് മൃതദേഹം പ്രദര്ശനമാക്കിയത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഈ രോഗിക്ക് ഉള്‍പ്പെടെ പലര്‍ക്കും അടുത്ത കാലത്തായി ബാങ്കില്‍ നിന്നും പണം നല്‍കിയതായി മന്ത്രി പറഞ്ഞു. ഫിലോമിന മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ നടത്തിയിരുന്നതെന്നും അവിടെ നല്ല ചികിത്സ ലഭിച്ചിരുന്നതായും മന്ത്രി പറഞ്ഞു. അതേസമയം ഫിലോമിനയുടെ ചികിത്സക്കായി ബാങ്കില്‍ നിന്നും പണം ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞത് വാസ്തവവിരുദ്ധമാണെന്നും മകന് ഡിനോ മാധ്യമ പ്രവര്‍ത്തകരോട്
പറഞ്ഞു. തന്റെ കാലിന്റെ ലിഗമെന്റിന്റെ ചികിത്സയ്ക്കു മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിട്ടും ഒന്നരലക്ഷം രൂപ അടക്കം വീട്ടാവശ്യത്തിനായിട്ടും പലപ്പോഴായിട്ടാണ് നാലര ലക്ഷം രൂപ ലഭിച്ചതെന്നും പഞ്ഞു. തന്റെ അമ്മ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായത് കഴിഞ്ഞ മാസം 27 നായിരുന്നുവെന്നും അമ്മയുടെ ചികിത്സക്കുവേണ്ടി പത്തുപൈസ പോലും ഇവര്‍ തന്നിട്ടില്ലെന്നും അമ്മയുടെ ഇപ്പോഴത്തെ ചികിത്സക്കുവേണ്ടി ഇവര്‍ പൈസ കൊടുത്തു എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും ഡിനോ പറഞ്ഞു. പണത്തിനായി പലവട്ടം ബാങ്കില്‍ കയറിയിറങ്ങിട്ടും ഒരുഫലവും കാണാതെ വന്നപ്പോള്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയെ സമീപിച്ചിരുന്നതായും ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പറഞ്ഞു. മരണശേഷമാണ് ബാങ്ക് അധികൃതര്‍ രാത്രിയില്‍ രണ്ടു ലക്ഷം രൂപ വീട്ടില്‍ എത്തിച്ചെതന്നും ദേവസി പറഞ്ഞു. ഇന്നലെ രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ വന്ജനാവലിയോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക്, സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണം-സിപിഐ
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തത വേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികമാകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു. ചികിത്സ, വിവാഹം, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് പണത്തിനായി നിക്ഷേപകര്‍ അലയേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകണം എന്നും സിപിഐ ആവശ്യപ്പെട്ടു. സിപിഐ മണ്ഡലം കമ്മിറ്റി യോഗത്തിനു ശേഷം ഇറക്കിയ പത്രകുറിപ്പിലാണ് പി. മണി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി എന്‍.കെ. ഉദയപ്രകാശിനെയും മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായി എം.ബി. ലത്തീഫ്, കെ.സി. ബിജു, എ.ജെ. ബേബി, ടി.കെ. വിക്രമന്, അനിത രാധാകൃഷ്ണന് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ. ശ്രീകുമാര്‍, ടി.കെ. സുധീഷ് എന്നിവര്‍ പങ്കെടുത്തു.