ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഉല്ലാസയാത്ര പാക്കേജ് ഹിറ്റ് ഒക്ടോബറില്‍ നേടിയത് 10.41 ലക്ഷം രൂപ
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററില്‍നിന്ന് നടത്തുന്ന അവധിദിവസങ്ങളിലെ ഉല്ലാസയാത്രാ പാക്കേജ് വന്‍ വിജയം. ഒക്ടോബര്‍ മാസത്തില്‍ അഞ്ച് സ്ഥലങ്ങളിലേക്കായി നടത്തിയ 25 യാത്രകളില്‍നിന്നുള്ള വരുമാനം 10.41 ലക്ഷം രൂപ. ആഡംബര കപ്പല്‍യാത്ര, വാഗമണ്‍, മൂന്നാര്‍ ജങ്കിള്സഫാരി, മലക്കപ്പാറ, നെല്ലിയാമ്പതി എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ യാത്രകളില്‍നിന്നാണ് ഈ വരുമാനം. നവംബര്‍ മാസം മുതല്‍ പുതിയ രണ്ട് സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസി ഉല്ലാസയാത്ര തുടങ്ങുന്നു. നവംബര്‍ 12 മുതല്‍ മൂന്നാര്‍ ചതുരംഗപ്പാറയിലേക്കും ഈ മാസം ഒടുവില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വയനാടന്‍ ട്രിപ്പുമാണ് ആരംഭിക്കുന്നത്. മൂന്നാര്ചതുരംഗപ്പാറ യാത്രയ്ക്ക് ഉച്ചഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ട്, മൂന്നാര്‍ ഗ്യാപ്പ് റോഡ്, ആനയിറങ്ങല്‍ ഡാം, ചതുരംഗപ്പാറ, ശാന്തന്‍പാറ, പൊന്മുടി ഡാം, ട്രിപ്പിള്‍ വെള്ളച്ചാട്ടം, കല്ലാര്‍കുട്ടി അണക്കെട്ട് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വയനാട് യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ ഈ മാസം അവസാനത്തോടെയേ ലഭ്യമാകുകയുള്ളൂ. അവധിദിവസങ്ങളിലെ വിനോദയാത്രയ്ക്കു പുറമെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ പഠനയാത്ര, വിനോദയാത്രകള്‍ക്കും ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സജമായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍നിന്നും സെയിന്റ് ജോസഫ്സ് കോളജില്‍നിന്നും യാത്ര നടത്തി. മേഖലയിലെ മറ്റ് സ്കൂളുകളിലേക്കും കോളജുകളിലേക്കും യാത്രയുടെ വിവരങ്ങളടങ്ങിയ കത്ത് കൈമാറാനാണ് കെഎസ്ആര്‍ടിസി പദ്ധതി.കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഫോണ്‍: 9142626278, 0480 2823990.