ക്രൈസ്റ്റ് കോളജില്‍ ആര്‍ട്സ് കേരള കലാമേളക്ക് തുടക്കം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന ആര്‍ട്സ് കേരള കലാ സംഗമം പുനര്‍ജീവിപ്പിക്കുന്നു. ഇന്നാണ് ആര്‍ട്സ് കേരള ഡാന്‍സ് മത്സരം കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ആര്. ബിന്ദു മേള ഉദ്ഘാടനം ചെയ്യും. ആര്‍ട്സ് കേരള കലാ സംഗമത്തിന് തുടക്കമായി ഗ്രൂപ്പ് ഡാന്‍സ് മത്സരമാണ് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം സംസ്ഥാനത്തെ ഓട്ടോണമസ് കോളജുകളെ പങ്കെടുപ്പിച്ച് നടത്തുന്ന മത്സരം വരുംവര്‍ഷങ്ങളില്‍ കേരളത്തിലെ മുഴുവന്‍ കലാലയ മഴയും പങ്കെടുപ്പിച്ച് നടത്താനാണ് പദ്ധതിയിടുന്നത്. വിജയികള്‍ക്ക് കെ.പി. ജോണ്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോണ്‍ മെമ്മോറിയല്‍ ട്രോഫിയും മൂന്നാം സമ്മാനമായി പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടാതെ കോളജിലെ മുന്‍ സ്റ്റാഫും പ്രശസ്ത ചമയ കലാകാരനുമായിരുന്ന വി. രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന മികച്ച ചമയത്തിനുള്ള അവാര്‍ഡ് സമ്മാനിക്കും. യൂണിവേഴ്സിറ്റി തലത്തിലുള്ള ഇന്റര്‍സോണ്‍ മത്സരങ്ങള്‍ വരുന്നതിന് മുന്‍പ് 1970കളില്‍ സംസ്ഥാനതലത്തില്‍ കോളജുകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രൈസ്റ്റ് കോളജ് സംഘടിപ്പിച്ചിരുന്ന കലാമേളയാണ് ആര്‍ട്സ് കേരള. മികച്ച സംഘാടനം കൊണ്ടും കഴിവുറ്റ കലാപ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്ന ആര്‍ട്സ് കേരള കലാമേളയില്‍ സമ്മാനം നല്‍കുന്നതിനായി വന്നിരുന്നത് അന്നത്തെ പ്രശസ്ത സിനിമ താരങ്ങളായിരുന്നു പ്രേം നസീര്‍, ജയഭാരതി, ഷീല തുടങ്ങിയവരായിരുന്നു. പിന്നീട് കാലക്രമേണ നിലച്ചുപോയ ഈ കലാ മേളയാണ് ആര്‍ട്സ് കേരള എന്നപേരില്‍ ക്രൈസ്റ്റ് കോളജില്‍ പുനര്‍ജനിക്കുന്നത്. കലാമേളയുടെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.