കാന്‍സര്‍ രോഗികള്‍കള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി നല്കി വിദ്യാര്‍ഥിനികള്‍
ഇരിങ്ങാലക്കുട: എണ്ണയും താളിയുമൊക്കെയിട്ട് കാലങ്ങളായി പരിപാലിച്ച ആ കാര്കൂന്തലുകള് ഇനി കാന്‍സര്‍ രോഗം വന്നവര്‍ക്കു മുടിയഴകാകും. ഓമനിച്ചു വളര്‍ത്തിയ മുടി മുറിക്കുമ്പോള്‍ വിദ്യാര്‍ഥിനികളുടെ മുഖത്ത് വിഷമത്തിനു പകരം സ്നേഹമായിരുന്നു. സ്ത്രികളുടെ അഴകളവുകളുടെ പ്രധാനിയായ മുടി മുറിക്കുക എന്നത് അവരെ സംബ്ദധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്. എന്നാല്‍ തങ്ങളുടെ പനംങ്കുല കണക്കേ കിടന്നിരുന്ന മുടി നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുകയായിരുന്നു ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം ഓള്‍ഡ് വളണ്ടിയേഴ്സ് അസോസിയേഷന്റെ അഭിമുഖ്യത്തില്‍ നടന്നത്. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂളില്‍ വെച്ച് പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിന് വേണ്ടി കേശദാനവും ബോധവല്കരണ സെമിനാറും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രതിപക്ഷ നേതാവും വനിത ഫെഡ് സംസ്ഥാന അധ്യക്ഷയുമായ അഡ്വ. കെ.ആര്. വിജയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയര്മാന് സുരേഷ് കടുപ്പശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രഫ. കെ.ജെ. ജോസഫ് ബോയ്സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ എം.കെ. മുരളി മാസ്റ്റര്‍, ജെസിഐ മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, വ്യാപാരി വ്യാവസായി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യന്‍, എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ രമ്യ എം. ഉണ്ണി, സി.കെ. തിലകന് മാസ്റ്റര്‍, പി.എഫ്. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ മുന്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.ആര്. സ്റ്റാന്‍ലി സെമിനാര്‍ നയിച്ചു. വിദ്യാര്‍ഥിനികളും ടീച്ചര്‍മാരുമായി അമ്പതോളം പേര് മുടി മുറിച് ഡോ. സിസ്റ്റര്‍ റോസ് ആന്റോക്ക് കൈമാറി.