ഓരോ ക്ലാസിനും അക്കാദമിക് മാസ്റ്റര്‍പ്ലാനുമായി വടക്കുംകര ജിയുപി
ഇരിങ്ങാലക്കുട: വടക്കുംകര ഗവ. യുപി സ്കൂളില്‍ ഓരോ ക്ലാസിനും അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. സ്വയംപര്യാപ്ത ക്ലാസ് മുറികള്‍ സജ്ജീകരിച്ച് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പദ്ധതി. ഈ അധ്യയന വര്‍ഷം ഓരോ ക്ലാസ് പിടിഎയും മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന അക്കാദമി പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളുമാണ് പദ്ധതിയിലുള്ളത്. ക്ലാസുതല ദിനാചരണങ്ങള്‍, ഫീല്‍ഡ് ട്രിപ്പുകള്‍, ക്ലാസ് വാര്‍ഷികം, ക്ലാസുതല സെമിനാറുകള്‍, വിലയിരുത്തലുകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്ലാസിലെ രക്ഷിതാക്കളുടെ കമ്മിറ്റിയായ സിപിടിഎയുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലകളിലാണ് അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികളുടെ വായനയടക്കം പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കല്‍പ്പറമ്പ് വടക്കുംകര ഗവ. യുപി സ്കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ.എം.സി. നിഷയ്ക്ക് നല്കി എഎംപികളുടെ ഡയറ്റ് ഫാക്കല്‍റ്റി സനോജ് രാഘവന് പ്രകാശിപ്പിച്ചു. പ്രധാന അധ്യാപകന് ടി.എ. സജീവന് അധ്യക്ഷനായി. വി.കെ. അഞ്ജലി, ജസ്റ്റിന് ജോസ് എന്നിവര്‍ സംസാരിച്ചു.