മഴയില്‍ നിര്‍മാണത്തിലിരിക്കുന്ന നടപ്പാതയുടെ ടൈലുകള്‍ ഒലിച്ച് പോയി: റീത്ത് വച്ച് പ്രതിഷേധിച്ച് ബിജെപി
ഇരിങ്ങാലക്കുട : എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടക്കുന്ന ടൈല്‍ നടപ്പാത മഴയത്ത് ഒലിച്ചുപോയതില്‍ റീത്ത് വച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുമ്പിലാണ് 20 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന നടപ്പാത മഴയില്‍ ഭാഗികമായി ഒലിച്ചു പോയത്. കോളജിന് മുന്‍ വശത്തെ റോഡിലെ വെള്ളക്കെട്ടിനും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡില്‍ ബസ്സില്‍ നിന്ന് ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനുമാണ് കഴിഞ്ഞ മാസം റോഡിന്റെ സൈഡ് ഉയര്‍ത്തി ടൈല്‍ വിരിച്ച് ഐറിഷ് കാന നിര്‍മിക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്.
മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ടെൻഡര്‍ എടുത്തിരിക്കുന്നത്. ടെൻഡറിലും നിര്‍മാണത്തിലും വലിയ അഴിമതി നടന്നതായി ബിജെപി ആരോപിച്ചു. സമരം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ടൗണ്‍ പ്രസിഡന്റുമായ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം ലിഷോണ്‍ കാട്ട്ള അധ്യക്ഷത വഹിച്ചു. ബൈജു കൃഷ്ണദാസ്, അമ്പിളി ജയന്, സ്മിത കൃഷ്ണകുമാര്‍, സിന്ധു സോമന്, ലീന ഗിരിഷ്, സുധ എന്നിവര്‍ പ്രസംഗിച്ചു.