അന്ന് വിശ്രമകേന്ദ്രം, ഇപ്പോള്‍ കാലിയെ മേയ്ക്കാം
നടവരമ്പ്: ഡോക്ടര്പ്പടിക്ക് സമീപം ചിറവളവില്‍ പണിത വഴിയോര വിശ്രമകേന്ദ്രം കാടുപിടിച്ചു. പാതയോരങ്ങളുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി 2014ല്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ് മനോഹരമായ നടവരമ്പ് ചിറയുടെ എതിര്‍വശത്തായി 15 ലക്ഷം രൂപ ചെലവഴിച്ച് വിശ്രമകേന്ദ്രം പണിതത്. രണ്ട് സ്ഥലത്തായി തോടിനോടുചേര്‍ന്നുള്ള ഭാഗം കമ്പി ഉപയോഗിച്ച് കെട്ടി സംരക്ഷിക്കുകയും ടൈല്‍ വിരിക്കുകയും ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
തണല്വൃക്ഷങ്ങള്ക്ക് താഴെയായി പണിതതിനാല്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും സമീപവാസികള്‍ക്ക് വൈകുന്നേരങ്ങളില്‍ ഒത്തുചേരാനും സാധിക്കുന്ന ഒരിടമായിരുന്നു ഇത്. ഇവിടമിപ്പോള്‍ കാടുപിടിച്ച് ഉപയോഗിക്കാന്‍ സാധിക്കാത്ത നിലയിലാണ്. പുല്ല് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും ബുദ്ധിമുട്ടുന്നുണ്ട്. അപകടസാധ്യതയും ഏറെയാണ്. കോണ്‍ക്രീറ്റ് റോഡുപണിയുടെ മുന്നോടിയായി ഇവിടെയുണ്ടായിരുന്ന വലിയ തണല്‍വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും വൈകുന്നേരങ്ങളില്‍ നാട്ടുകാരും വഴിയാത്രക്കാരും ഇവിടെ കാഴ്ചകള്‍ കണ്ട് ഇരിക്കാറുണ്ട്. കാടുപിടിച്ച് കിടക്കുന്നതിനാല്‍ മാലിന്യവും തള്ളുന്നുണ്ട്.