ജീവനെ സ്നേഹിക്കുന്ന സംസ്കാരം വളര്‍ത്തുക: മാര്‍ പോളി കണ്ണൂക്കാടന്‍
കരുവന്നൂര്‍: ജീവനെ സ്നേഹിക്കാനും ആദരിക്കാനും നിയോഗിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരാണു നമ്മള് ഓരോരുത്തരും. ദൈവഹിതം മനസിലാക്കി അതു നിറവേറ്റാന്‍ കഴിയട്ടെ എന്ന് ബിഷപ് ആശംസിച്ചു. കഴിഞ്ഞ നാലുദിവസങ്ങളിലായി കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ നടന്നുവരുന്ന ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്. തുടര്‍ന്ന് നടന്ന ദിവ്യബലിക്കു ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി ഫാ. ജോസഫ് തെക്കേത്തല, ഫാ. ജെയിന് കടവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനസന്ദേശം നല്കി. ജപമാല പ്രാര്‍ഥന, ദിവ്യകാരുണ്യാരാധന, കൗണ്‍സിലിംഗ്, രോഗശാന്തി എന്നിവ ഉണ്ടായിരുന്നു. ഗാനശുശ്രൂഷകള്‍ക്ക് ബ്രദര്‍ ജോസ് താഞ്ചന്‍ നേതൃത്വം നല്കി. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും രോഗികള്‍ക്കും പ്രത്യേക പ്രാര്‍ഥന ശുശ്രൂഷകളും ഉണ്ടായിരുന്നു. ഫാ. റെനില്‍ കാരാത്ര, ഫാ. ജെയ്സന് പാറേക്കാട്ട്, ഫാ. ലിജോ കോങ്കോത്ത് എന്നിവര്‍ നേതൃത്വം നല്കി.