ഇരിങ്ങാലക്കുട ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ കുറവ്, ജീവനക്കാരില്‍ അധിക ഡ്യൂട്ടി അടിച്ചേല്‍പ്പിച്ച് കെഎസ്ആര്‍ടിസി
വിശ്രമമില്ലാതെയുള്ള ജോലി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ആശങ്ക
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ നിലവിലുള്ള ജീവനക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്പിക്കുന്നതായി പരാതി. നിലവില്‍ ഇവിടെ നിന്ന് 15 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ പത്തും ചിലപ്പോള്‍ എട്ടും സര്‍വീസുകള്‍ മാത്രം നടത്തുന്ന ദിവസങ്ങളുമുണ്ട്. സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ എങ്ങനെയെങ്കിലുമൊക്കെ ജീവനക്കാരെ സംഘടിപ്പിച്ച് വിട്ടെന്നിരിക്കും. എന്നാല്‍ ആകെയുള്ള ഓര്‍ഡിനറി സര്‍വീസുകളില്‍ രണ്ടോ, മൂന്നോ മാത്രമാണ് മിക്ക ദിവസങ്ങളിലും സര്‍വീസ് നടത്തുന്നത്. ചോറ്റാനിക്കര, ഗുരുവായൂര്‍, എറണാകുളം ജെട്ടി, ആലുവ തുടങ്ങിയ റൂട്ടുകളില്‍ രണ്ട് സര്‍വീസുകള്‍ വീതമുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പലപ്പോഴും ഒന്നു മാത്രമേ ഓടിക്കാറുള്ളൂ.
അതുകൊണ്ട് സ്ഥിരം യാത്രക്കാര്‍ക്കുണ്ടാകുന്ന ദുരിതം ചില്ലറയല്ല. നിലവില്‍ ഇരിങ്ങാലക്കുട ഡിപ്പോയില്‍ 17 ഡ്രൈവര്‍മാരാണുള്ളത്. 15 സര്‍വീസുകള്‍ നടത്താന്‍ 27 ഡ്രൈവര്‍മാരെ ആവശ്യമുണ്ട് എന്നാല്‍ ഇപ്പോഴുള്ള 17 ഡ്രൈവര്‍മാരെ രാവും പകലും വിശ്രമമില്ലാതെ അമിത ജോലി ചെയ്യിപ്പിച്ച് സര്‍വീസുകള്‍ നടത്തുകയാണ് അധികൃതര്‍. നിലവില്‍ ഏഴ് ഡ്രൈവര്‍മാര്‍ ഡബിള്‍ ഡ്യൂട്ടി ചെയ്ത് ഓര്‍ഡിനറി സര്‍വീസുകള്‍ നടത്താന്‍ തയാറായി മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് അധികാരികളുടെ അവകാശവാദം. എന്നാല്‍ ഇവരില്‍ ചിലര്‍ മെഡിക്കല്‍ ലീവെടുത്ത് തടിതപ്പി എന്നതാണ് വാസ്തവം. കാരണം ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ ബസുകള്‍ ഓടിക്കേണ്ട ഗതികേടിലാണ് ഡ്രൈവര്‍മാര്‍. മിക്കപ്പോഴും ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ ബോര്‍ഡ് മാറ്റി വെയ്ക്കാനുള്ള സമയം മാത്രമേ ഉണ്ടാകൂ. അപ്പോഴേക്കും മടക്കയാത്ര തുടങ്ങണം. ഒരു ഡ്രൈവര്‍ ഒരു ദിവസം ഒരു ഓര്‍ഡിനറി ബസ് 360 കിലോമീറ്ററോളം ഓടിച്ചിരിക്കണമെന്നാണ് നിയമം. എന്നാല്‍ പലപ്പോഴും അതില്‍ കൂടുതല്‍ ദൂരം ഓടിക്കേണ്ട ഗതികേടിലാണ് ഇവിടത്തെ ഡ്രൈവര്‍മാര്‍. ഇങ്ങനെ വിശ്രമമില്ലാതെ 14 മണിക്കൂര്‍ വരെ പണിയെടുത്ത് ഡബിള്‍ ഡ്യൂട്ടി എടുക്കുന്ന ഡ്രൈവര്‍മാര്‍ തന്നെയാണ് വീണ്ടും പിറ്റേന്ന് ഓര്‍ഡിനറി ബസ് ഇത്രയും ദൂരം ഓടിക്കുന്നത്. തീരെ വിശ്രമമില്ലാതെ ഇങ്ങനെ ജോലി ചെയ്യുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന കാര്യം അധികാരികള്‍ക്ക് അറിയാത്തതല്ല. അവര്‍ മനഃപൂര്‍വം കണ്ണടയ്ക്കുകയാണ്.
മുമ്പൊരിക്കല്‍ തൃശൂരില്‍ ഇത്തരത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തിരുന്നു. എന്നിട്ടും ഇപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരം അധിക ഡ്യൂട്ടി നിര്‍ബന്ധം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഡ്രൈവര്‍മാര്‍ ഇത്തരം അധിക ഡ്യൂട്ടികള്‍ക്ക് സമ്മതം മൂളുന്നത്. ശമ്പളം തന്നെ ലഭിക്കുന്നത് വല്ലപ്പോഴും മാത്രമായതിനാല്‍ സാമ്പത്തക പരാധീനതയിലാണ് പല ജീവനക്കാരും. അധിക ഡ്യൂട്ടി എടുക്കുന്നതിന്റെ അലവന്‍സ് സറണ്ടര്‍ ചെയ്യാമെന്നതാണ് ഡ്രൈവര്‍മാരെ ഇങ്ങനെ വിശ്രമമില്ലാതെ തുടര്‍ച്ചയായി ഡബിള്‍ ഡ്യൂട്ടി ചെയ്യാന്‍ പ്രലോഭിപ്പിക്കുന്നത്. എട്ട് മണിക്കൂറാണ് കെഎസ്ആര്‍ടിസിയില്‍ ഒരു ഡ്യൂട്ടിയായി കണാക്കാക്കുന്നത്. 14 മണിക്കൂര്‍ ജോലി ചെയ്താല്‍ പിറ്റേ ദിവസം വിശ്രമത്തിനു വേണ്ടി ഓഫ് കൊടുക്കണമെന്നാണ് നിയമം. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പ്രതിദിനം 14 മണിക്കൂര്‍ വീതം ആറ് ദിവസം തുടര്‍ച്ചയായി ഇവരെ കൊണ്ട് ജോലിയെടുപ്പിക്കുന്നത്. ഇരിങ്ങാലക്കുട ഡിപ്പോയില്‍ മാത്രം 13 ഡ്രൈവര്‍മാരുടെ കുറവാണുള്ളതെന്നത് നിലവില്‍ ഇവിടതതെ ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ദുരിതത്തിന്റെയും വരാനിരിക്കുന്ന ദുരന്തത്തിന്റെയും തെളിവാണ്. യാത്രക്കാരുടെ ജീവനു തന്നെ ഭീഷണി ഉണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം അധിക ഡ്യൂട്ടികള്‍ നിര്‍ത്തലാക്കി ആവശ്യത്തിന് നിയമനങ്ങള്‍ നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.