വിദ്യാര്‍ഥികളുടെ സേവന മനോഭാവവും സാമൂഹിക പ്രതിബന്ധതയും വളര്‍ത്തുന്ന പ്രസ്ഥാനമാണ് എന്‍എസ്എസ്- മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളുടെ സേവന മനോഭാവവും സാമൂഹിക പ്രതിബന്ധതയും വളര്‍ത്തുന്നതിന് അഭിനന്ദനീയമായ സംഭാവന നല്കുന്ന പ്രസ്ഥാനമാണ് എന്‍എസ്എസ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. സ്നേഹക്കൂട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഏറ്റെടുത്ത് നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സെന്റ് മേരീസ് സ്കൂളിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുന്നപ്പശേരി വീട്ടില്‍ അന്‍ഫാസ് മുഹമ്മദിനാണ് ഭവനം ഒരുങ്ങുന്നത്. കാട്ടുങ്ങച്ചിറ കോക്കാനിക്കാടില്‍ നടന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷയായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടാന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഫെനി എബിന്, എം.ആര്. ഷാജു, കെ.ആര്. വിജയ, എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ബൈജു കൂവപ്പറമ്പില്‍, ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ് മെഡലി റോയ്, ഹൈസ്കൂള്‍ പ്രധാനാധ്യാപിക റീജ ജോസ്, സുഭാഷ് മാത്യു, ഇ.ആര്. രേഖ, ഒ.എസ്. ശ്രീജിത്ത്, എ.എ. തോമസ്, ഡോ. ടി.വി. ബിനു, ജൂബി കെ. ജോയ്, സിബിന് ലാസര്‍, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി എന്നിവര്‍ പങ്കെടുത്തു.