മോട്ടോര്‍ ഷെഡുകളിലെ മോഷണം: പാടം ഇനി ക്യാമറക്കണ്ണില്‍
ഇരിങ്ങാലക്കുട: പാടശേഖരങ്ങളിലെ മോട്ടോര്‍ ഷെഡുകളിലെ മോഷണം പിടിക്കാന്‍ കര്‍ഷകര്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. ഷെഡുകളില്നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന കേബിളുകളടക്കമുള്ള സാധനങ്ങള്‍ വ്യാപകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാടശേഖരസമിതികള്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ഇരിങ്ങാലക്കുട പുല്ലൂര്‍ മേഖല കായല്‍ കോള്‍കൃഷി സംഘത്തിന്റെ നേതൃത്വത്തിലുള്ള 50 എച്ച്പി സബ് മേഴ്സബിള്‍ മോട്ടോര്‍ ഷെഡിന്റെ മുകളിലും അരികിലുമായി മൂന്ന് ക്യാമറകള്‍ സ്ഥാപിച്ചു. വൈഫൈ വഴി പാടശേഖര ഭാരവാഹികളുടെ മൊബൈലുകളിലും ദ്യശ്യങ്ങള്‍ കാണാന്‍ കഴിയുന്നരീതിയിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്.
എല്ലാ പാടശേഖരങ്ങളിലും ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തയ്യാറാണെങ്കിലും ക്യാമറകളും ലൈറ്റും പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി നല്കാന് കെഎസ്ഇബി തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ പാടത്തെ കൊയ്ത്തുകഴിയുന്നതോടെ മോട്ടോര്‍ ഷെഡുകളിലേക്കുള്ള വൈദ്യുതിയും നിലയ്ക്കും. പിന്നെ ആറുമാസം കഴിഞ്ഞാണ് കെഎസ്ഇബി വീണ്ടും ചാര്‍ജ് ചെയ്യുക. കഴിഞ്ഞ മൂന്നുമാസത്തിനിടെ മുരിയാട് കോള്‍മേഖലയില്‍ സബ് മേഴ്സബിള്‍ മോട്ടോറുകളുടെ ലക്ഷങ്ങള്‍ വിലവരുന്ന അഞ്ച് കോപ്പര്‍ കേബിളാണ് മോഷണം പോയത്. മുരിയാട് ഗ്രാമശ്രീ, കരിംപാടം, കടുങ്ങാട് പാടശേഖരങ്ങളിലെ 50 എച്ച്പി മോട്ടോറുകളുടേയും കൂവപ്പുഴ പാടശേഖരത്തിലെ 30 എച്ച്പിയുടെയും പൊതുമ്പുചിറ പാടശേഖരത്തിലെ 30 എച്ച്പി, മോട്ടോറുകളുടെയും സ്വിച്ച് ബോര്‍ഡുകളിലേക്കുള്ള കേബിളുകളാണ് മോഷണം പോയത്.
കൈപ്പുള്ളിത്തറ, കക്കാട് പാടശേഖരത്തില്‍ മുന്‍ എംഎല്‍എ കെ.യു. അരുണന് അനുവദിച്ച രണ്ട് എച്ച്പിയുടെ രണ്ടുമോട്ടോറുകളും മോഷണം പോയിരുന്നു. സംഭവങ്ങളില്‍ പോലീസിനും കൃഷി വകുപ്പിനും പരാതി നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങളൊന്നുമില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സാമ്പത്തികമൊന്നും കര്‍ഷകര്‍ക്കില്ല. അതിനാല്‍ എല്ലാ പാടശേഖരങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കാനും ഒമ്പത് വാട്ടിന്റെ ലൈറ്റ് കത്തിക്കാനുമുള്ള വൈദ്യുതിയും നല്കാന് കെഎസ്ഇബി തയ്യാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.