പി.സി. കുറുമ്പയടക്കമുള്ള പോരാളികളുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം: ടി.കെ. സുധീഷ്
നടവരമ്പ്: മാനവ വികസന സൂചികയില്‍ ഒന്നാം നമ്പര്‍ ആവുന്ന വിധത്തില്‍ ഇന്നത്തെ പുരോഗമന കേരളത്തെ രൂപപ്പെട്ടത് പി.സി. കുറുമ്പ ഉള്‍പ്പടെയുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധിഷ് കുട്ടംകുളം സമരനായിക പി.സി. കുറുമ്പയുടെ പതിനൊന്നാം ചരമവാര്‍ഷിക ദിനാചരണം നടവരമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളത്തിന്റെ പോരാട്ടചരിത്രത്തില്‍ ഏറ്റവും മൃഗീയമായ പോലീസ് പീഡനത്തിനിരയായ പെണ്‍പോരാളികള്‍ കൂത്താട്ടുകുളം മേരിയും, പി.സി. കുറുമ്പയുമാണെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും. 1948ല്‍ പാര്‍ട്ടിയെ നിരോധിക്കപ്പെട്ട കാലത്ത് കുറുമ്പയെയും പി.കെ. കുമാരനെയും ഇരിങ്ങാലക്കുട ഠാണാവിലെ പോലീസ് ലോക്കപ്പില്‍ നടത്തിയ പോലീസ് പീഢനം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് എന്നും കൂട്ടിച്ചേര്‍ത്തു.
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കെ. ശിവന് അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐഡിആര്‍എം ജില്ലാ ട്രഷര്‍ എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറി ടി.പി. സുനില്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പി.സി. കുറുമ്പ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.