ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മെറിറ്റ് ഡേ ആഘോഷിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല പരീക്ഷകളില്‍ ആദ്യ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍, പ്ലേസ്മെന്റ് നേടിയവര്‍, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നേട്ടങ്ങള്‍ കൊയ്തവര്‍ എന്നിവര്‍ക്ക് മന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സി എം ഐ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി ഡി ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ്, സ്റ്റുഡന്റ്സ് യൂണിയന് അഡ്വൈസര്‍ ഹിംഗ്സ്റ്റന് സേവ്യര്‍, ചെയര്മാന് ആല്‍ബര്‍ട്ട് പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
കണ്ണഞ്ചിപ്പിക്കും വഴക്കവുമായി കിണ്ണംകളി
ഇരിങ്ങാലക്കുട: വര്‍ഷങ്ങള്‍ക്കുശേഷം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കിണ്ണംകളി അരങ്ങേറി. ക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള സംഗമം വേദിയിലാണ് കിണ്ണംകളി സോപാനസംഗീതകലാകാരി ആശാ സുരേഷും സംഘവും അവതരിപ്പിച്ചത്. തിരുവാതിരയുടെ വകഭേദമായ കിണ്ണംകളി കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. തിരുവാതിരയോടൊപ്പം തന്നെ ചില സ്ഥലങ്ങളില്‍ അവതരിപ്പിച്ചിരുന്ന കിണ്ണംകളിയെന്ന കലാരൂപം ഒന്നരമാസം നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് ഇരിങ്ങാലക്കുട സ്വദേശിനികളായ ഈ കലാകാരികള്‍ അരങ്ങിലെത്തിച്ചത്. സാധാരണ ഓട്ടുകിണ്ണമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെ സ്റ്റീല്‍കൊണ്ടുള്ള കിണ്ണമാണ് ഇവര്‍ ഉപയോഗിച്ചത്. ഇരുകൈകളിലും ഉള്ളംകൈയില്‍ പാത്രംവെച്ച് അത് കൈയില്‍നിന്ന് തെന്നിപോകുകയോ താഴെ വീഴുകയോ ചെയ്യാതെ പിഴയ്ക്കാത്ത ചുവടുകളോടെ വേണം നൃത്തം അവതരിപ്പിക്കാന്‍.
കൂടല്‍മാണിക്യം സ്വാമിക്ക് ഇന്ന് ആറാട്ട്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപ്തികുറിച്ചുള്ള ആറാട്ടിനായി ഭഗവാന് ഇന്ന് ചാലക്കടി കൂടപ്പുഴ ആറാട്ടു കടവിലേക്ക് എഴുന്നള്ളും. ഉച്ചയ്ക്ക് ഒന്നോടെയാണ് ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ മണ്ഡപത്തില്‍ പള്ളിക്കുറിപ്പില്നിന്ന് മംഗളനാദത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം പുതിയ പട്ടുടയാടകളണിയിച്ച് തിരുവാഭരണവും ചന്ദനവും ചാര്‍ത്തും. പാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് തന്റെ എല്ലാ പരിവാരങ്ങളോടും കൂടി ഒരു പ്രദക്ഷിണംകൊണ്ട് ശ്രീ ഭൂതബലി നടത്തി, വലിയ പാണികൊട്ടി ആനപ്പുറത്ത് കയറി മേളത്തോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി മതില്‍ക്കെട്ടിന് പുറത്തേക്കെഴുന്നള്ളും. കിഴക്കേ ഗോപുരത്തിന് സമീപമുള്ള ആല്‍ത്തറയില്‍ ബലി തൂകി നാദസ്വരത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ആറാട്ടിനായി പുറപ്പെടും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കൂടല്‍മാണിക്യ സ്വാമിക്ക് പോലീസ് റോയല്‍ സല്യൂട്ട് നല്‍കും. വൈകീട്ട് 5 ന് ആറാട്ട് കടവില്‍ നിന്ന് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് 7.30 ന് ഠാണ ജംഗ്ഷനില്‍ നിന്നും പഞ്ചാരിമേളത്തോടെ സ്വീകരിക്കുകയും ആല്‍ത്തറയില്‍ നിന്നും പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ നിന്നും പണ്ടിമേളത്തോടെയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് കൊടിക്കല്‍പറ, കാണിയ്ക്ക. വഴിയോരങ്ങളില്‍ ഭക്തജനങ്ങള്‍ ഭക്ത്യാദരവോടെ നിലവിളിക്കുകള് കത്തിച്ചും പറകള്‍ നിറച്ചും ഭഗവാനെ വരവേല്‍ക്കും. പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന് മാരാരും പാണ്ടിമേളത്തിന് രാജീവ് വാര്യരും നേതൃത്വം നല്‍കും.