മൂര്‍ക്കനാട് ഇരട്ട കൊലപാതകം; മുഖ്യപ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍; പ്രതികള്‍ അറസ്റ്റിലായത് പട്ടാമ്പിയിലെ ഒളിത്താവളത്തില്‍ നിന്ന്
ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ക്ഷേത്ര ഉത്സവത്തിനിടെ നടന്ന ഇരട്ട കൊലപാതകക്കേസിലെ സഹേദരങ്ങളായ മുഖ്യ പ്രതികള്‍ അറസ്റ്റില്‍. മൂര്‍ക്കനാട് ചാമക്കാലചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ ഇച്ചാവ എന്ന വൈഷ്ണവ് (27), അപ്പു എന്ന ജിഷ്ണു (29) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ഇന്‍സ്പെക്ടര്‍ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എസ്ഐ കെ. അജിത്ത് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പോലീസ് സംഘം പട്ടാമ്പിയിലെ ഒളിത്താവളം വളഞ്ഞ് പിടികൂടിയത്.
മയക്കുമരുന്നിനും മദ്യത്തിനും അടിമകളായ ഇവര്‍ പ്രതികളില്‍ ഏറ്റവും ക്രൂര മനസിനുടമകളാണെന്ന് പോലീസ് പറഞ്ഞു. മുന്‍പ് കാട്ടൂരില്‍ വച്ച് പോലീസ്നൈറ്റ് പെട്രോള്‍ സംഘത്തിനു നേരേ വാള് വീശി ഭീതി പരത്തിയവരാണ് ഇരുവരും. അതുകൊണ്ടുതന്നെ പോലീസ് സംഘം കരുതലോടെയാണ് എത്തിയത്. വാതിലില്‍ തട്ടിവിളിച്ചിട്ടും തുറക്കാതിരുന്ന ഇവര്‍ പിന്‍വാതില്‍ തുറന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത് പോലീസിന്റെ കൈകളിലേക്കാണ്. മല്പ്പിടത്തിനുമുതിര്ന്ന ഇവരെ ഒതുക്കി വിലങ്ങിട്ടു. ഇരുന്നൂറു മീറ്റനോളം ഇവരെയും പൊക്കി നടന്നാണ് പുലര്‍ച്ചെ ജീപ്പില്‍ കയറ്റിയത്.
മറ്റൊരു കേസിന്റെ അന്വേഷണമാണ് ഇവരുടെ ഒളിതാവളം കണ്ടെത്താനായത്.
പോക്സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒരാളെ ഏര്പ്പാടക്കാമെന്നു പറഞ്ഞ് കൊടുങ്ങല്ലൂരില്‍ 2022 നടന്ന പോക്സോ കേസിലെ പ്രതിയില്‍ നിന്നു നാലംഗ സംഘം ഒരു ലക്ഷം രൂപ തട്ടിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍ നടത്തിയ അന്വേഷണത്തില്‍ ഈ സംഭവത്തിലെ സൂത്രധാരന്മാന് വൈഷ്ണവും ജിഷ്ണുവുമാണെന്നു തിരിച്ചറിയുന്നത്. വളാഞ്ചേരി സ്വദേശിയായ അഷ്കര്‍ അലിയെ ഉസ്താതായി അവതരിപ്പിച്ചാണ് നാലംഗ സംഘം എത്തിയത്.
പണം വാങ്ങി മുങ്ങിയ ഇവരെ പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും സംഘവും നടത്തിയ അന്വേഷണത്തില്‍ അഷ്കര്‍ അലി വളാഞ്ചേരിയില്‍ നിന്ന് താമസം മാറിയതായി കണ്ടെത്തി. ചെന്ത്രാപ്പിന്നിയില്‍ ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നിടത്തു നിന്നു ഇന്നലെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
തുടന്ന് ഈ സംഭവത്തിലെ മറ്റൊരു പ്രതി പട്ടാമ്പി സ്വദേശി സനയിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് വൈഷ്ണവിന്റെയും ജിഷ്ണുവിന്റേയും ഒളിത്താവളം കണ്ടെത്തി പോലീസ് സംഘം വലയൊരുക്കി പിടികൂടിയത്. മയക്കുമരുന്നു ഉപയോഗത്തിലൂടെയാണ് ഇവര്‍ നാലുപേരും പരിചയത്തിലായത്. മൂര്‍ക്കനാട് കൊലപാതക കേസിലെ രണ്ടു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ ഉടന്‍ തന്നെ കസ്റ്റഡിയിലാകുമെന്ന് ഡിവൈഎസ്പി അറിയിച്ചു.
കൊടുങ്ങല്ലൂര്‍, മതിലകം, കൈപമംഗലം, ചാവക്കാട്, കാട്ടൂര്‍, പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളില്‍ ഇവര്‍ക്ക് കേസുകളുണ്ട്. വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടും പതിമൂന്നും ക്രിമിനല്‍ കേസ് പ്രതികളാണ് വൈഷ്ണവും ജിഷ്ണുവിനുമുള്ളത്. വളരെ ചെറുപ്പത്തിലേ കേസുകളില്‍ ഉള്‍പ്പെട്ട ഇവര്‍ സ്ഥിരം മയക്കുമരുന്നു ഉപയോഗിക്കുന്നവരാണ്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബി.കെ. അരുണ്‍, എസ്ഐ കെ.അജിത്ത്, പി. ജയകൃഷ്ണന്, കെ.ആര്. സുധാകരന്, ടി. ആര്ഷൈന്, എ എസ്ഐ സൂരജ് വി. ദേവ്, സീനിയര്‍ സിപിഒമാരായ കെ.ജെ. ഷിന്റോ, സോണി സേവ്യര്‍, കെ.എസ്. ഉമേഷ് ഇ.എസ്. ജീവന്, ബിനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.