ജല അതോറിറ്റി ഓഫീസില്‍ ഒഴിഞ്ഞ ബക്കറ്റും പ്ലക്കാര്‍ഡുമായി ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ സമരം
കുടിവെള്ളം മുടങ്ങിയിട്ട് രണ്ട് മാസം; ജല അതോറിറ്റി ഓഫീസില്‍ ഒഴിഞ്ഞ ബക്കറ്റും പ്ലക്കാര്‍ഡുമായി ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ സമരം
ഇരിങ്ങാലക്കുട: രണ്ടുമാസമായി മുടങ്ങിക്കിടക്കുന്ന കുടിവെള്ളത്തിനായി ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസില്‍ ഓട്ടോ ഡ്രൈവറുടെ ഒറ്റയാള്‍ സമരം. ഠാണാ ബൈപാസ് ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന തളിയക്കോണം 38ാം വാര്‍ഡില്‍ താമസിക്കുന്ന കരേക്കാട്ടുപറമ്പില് മോഹനന് (60) ആണ് ഒറ്റയാള്‍ സമരം നടത്തിയത്.
തന്റെ വീട്ടില്‍ ജൂലായ് മാസം മുതല്‍ ജല അതോറിറ്റിയുടെ പൈപ്പിലൂടെ വരുന്ന കുടിവെള്ളം മുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം പരാതിയുമായി രണ്ടുമാസം മുമ്പ് ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസില്‍ എത്തുന്നത്. ചകിരിക്കമ്പനി റോഡ് മേഖലയില്‍ പലര്‍ക്കും വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയും ആ സമയം നിലനിന്നിരുന്നു. തുടര്‍ന്ന് ഇത്രയും കാലമായി പരാതി പരിഹരിച്ചിരുന്നില്ല. ഇതിനിടയില്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങിയെന്നും അദ്ദേഹം പറയുന്നു.
ഏക ജീവിതമാര്‍ഗമായ ഓട്ടോ കയറ്റിയിട്ടിട്ടാണ് ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസില്‍ വരുന്നത്. വളരെയേറെ സമയം ഇവിടെ പലപ്പോഴായി ചെലവഴിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും മോഹനന് പറഞ്ഞു. രണ്ടുമാസം മുമ്പ് കൊടുത്ത പരാതിക്ക് സെപ്റ്റംബര്‍ 23 നാണ് രസീത് കിട്ടിയതെന്നും പറയുന്നു. അതിനുശേഷം എന്‍ജിനീയര്‍ സംഭവസ്ഥലത്തു വരുമെന്ന് അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്നു ജോലികളഞ്ഞു ഒരു ദിവസം മുഴുവന്‍ വീട്ടിലിരുന്നുവെങ്കിലും ആരും വന്നില്ലെന്നും മോഹനന് പറഞ്ഞു.
ഇതിനിടയില്‍ ജല അതോറിറ്റി ഓഫീസില്‍ നിന്നും പറഞ്ഞതനുസരിച്ചു രണ്ടു പ്ലംബര്‍മാര്‍ വരികയും ഒരാള്‍ 200 രൂപയും അടുത്തയാള്‍ ആയിരം രൂപയും ആവശ്യപ്പെട്ടതായും മോഹനന് പറഞ്ഞു. എന്നിട്ടും വെള്ളം മുടങ്ങിത്തന്നെയാണ് കിടക്കുന്നത്. വീട്ടിലെ കിണര്‍ വെള്ളപ്പൊക്കത്തിനുശേഷം ഉപയോഗശൂന്യമായെന്നും പൈപ്പ് വെള്ളം മാത്രമാണ് ഏക ആശ്രയമെന്നും മോഹനന് പറഞ്ഞു. രണ്ടുമാസമായി നല്കിയ പരാതിക്ക് പരിഹാരം കാണാതെ വന്നപ്പോഴാണ് ഒഴിഞ്ഞ ബക്കറ്റും പ്ലക്കാര്‍ഡുമായി ഇന്നലെ രാവിലെ മോഹനന് ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസില്‍ പ്രതിഷേധവുമായി എത്തിയത്. മോഹനന്റെ പരാതി ഈ അടുത്താണ് ശ്രദ്ധയില്‍പെട്ടതെന്നു ഇരിങ്ങാലക്കുട ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. .
ആ ഭാഗത്തേക്ക് ആഴ്ചയില്‍ രണ്ടു ദിവസമാണ് വെള്ളം സപ്ലൈ ചെയ്യുന്നതെന്നും ആ ദിവസങ്ങളില്‍ പരിശോധിച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ കണ്ടുപിടക്കാന്‍ പറ്റുകയുള്ളൂ. കഴിഞ്ഞ ദിവസം അങ്ങോട്ടു പോകാന്‍ ഇരുന്നതാണെന്നും പക്ഷേ ആ ദിവസം അറ്റകുറ്റപണികള്‍ ഏറ്റെടുക്കുന്ന കരാര്‍ ജീവനക്കാരന് അനാരോഗ്യം മൂലം അവധി എടുത്തെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
ഇതിനിടയില്‍ മോഹനന് ഒറ്റയാള്‍ സമരവുമായി ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസില്‍ ഉണ്ടെന്നറിഞ്ഞു നഗരസഭ 38ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. ലേഖ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരുമായി സംസാരിച്ചു പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ എടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ആ മേഖലയില്‍ വ്യാഴാഴ്ച പൈപ്പിലൂടെ വെള്ളം സപ്ലൈ ചെയ്യുന്ന ദിവസമാണെന്നും അതിനാല്‍ പരിശോധനക്ക് എത്തുമെന്നും മോഹനന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് രാവിലെ 9.30ന് ആരംഭിച്ച ഒറ്റയാള്‍ പ്രതിഷേധം 11.30ന് അവസാനിപ്പിക്കുകയായിരുന്നു.