ലക്ഷങ്ങള്‍ പാഴാക്കാന്‍ ഓരോരോ വഴികള്‍… പകല്‍ പോലെ വ്യക്തം പകല്‍ വീടിന്റെ പരാധീനതകള്‍
പേര് പകല്‍ വീട്, രാത്രിയായാല്‍ സാമൂഹ്യ വിരുദ്ധരുടെ താവളം
ഇരിങ്ങാലക്കുട: 20 വര്‍ഷങ്ങള്‍ക്കു മുമ്പ് പണിത പകല്‍വീട് ഇന്നു രാത്രികാലത്ത് സാമൂഹ്യ വിരുദ്ധരുടെ താവളം. ഇരിങ്ങാലക്കുട ജവഹര്‍ കോളനിയില്‍ നിര്‍മിച്ച പകല്‍ വീടിനാണു ഈ ദുര്‍ഗതി. വാര്‍ധക്യമെന്നാല്‍ ഉപേക്ഷിക്കപ്പെടേണ്ട കാലമല്ല, സംരക്ഷിക്കപ്പെടേണ്ട കാലമാണെന്ന തിരിച്ചറിവിലൂടെയാണു വയോജനങ്ങള്‍ക്കായി ഒരു പകല്‍വീടിനായി ഇവിടെ കെട്ടിടം പണികഴിപ്പിച്ചത്. പ്രായമേറിയവര്‍ക്കു സന്തോഷവും സമാധാനവും നിറഞ്ഞതാക്കാന്‍ ഇത്തരത്തിലുള്ള പകല്വീടുകള്ക്കു ഇന്ന് സാധിക്കണം എന്നുള്ളതായിരുന്നു ലക്ഷ്യമെങ്കിലും ഈ ഉദ്ദേശ്യത്തെ സാധൂകരിക്കുവാന്‍ ഇതുവരെയും നഗരസഭാധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ഏകദേശം 900 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണു പകല്‍ വീടിനായി നിര്‍മിച്ചിരിക്കുന്നത്. 2010 ആഗസ്റ്റ് ആറിനാണു പകല്‍വീട് ഉദ്ഘാടനം കഴിഞ്ഞത്. എന്നാല്‍ നാളിതുവരെയായിട്ടും ഈ കെട്ടിടം തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. പട്ടികജാതി ഫണ്ടുപയോഗിച്ചായിരുന്നു ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. പകല്‍വീട് പ്രവര്‍ത്തനക്ഷമമാക്കണമെങ്കില്‍ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കണം. വെള്ളവും വെളിച്ചവും വേണം. എന്നാല്‍ ഇതൊന്നും ലഭ്യമാക്കാന്‍ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. കെട്ടിടത്തിനു ചുറ്റും മതില് കെട്ടിയിട്ടുണ്ടെങ്കിലും കെട്ടിടവും പരിസരവും കാടുകയറി നശിക്കുകയാണ്. നഗരസഭയില്‍ നടക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കുറച്ചു നാള് ഇവിടെ താമസിപ്പിച്ചിരുന്നു. പലപ്പോഴും രാത്രികളില്‍ കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്പന തകൃതിയായി നടക്കുന്നതിനാല്‍ ഈ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളംകൂടിയായി മാറിയിരിക്കുകയാണ്.