നടപടികള്‍ ത്വരിതഗതിയില്‍ ഉണ്ടാകണം, ന്യായാധിപനിയമനം സുതാര്യമാക്കണം
ഇരിങ്ങാലക്കുട: അഭിഭാഷകക്ഷേമ നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കുക, ന്യായാധിപനിയമനം സുതാര്യമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. മഞ്ചേരി ശ്രീധരന് നായര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തില്‍ കോര്‍ട്ട് കോംപ്ലക്സില്‍ സംഘടിപ്പിച്ച ദേശീയ നിയമ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വ്യവസ്ഥയില്‍ അതിപ്രധാന പങ്കുവഹിക്കുന്ന അഭിഭാഷകരുടെ ക്ഷേമനിധി, ചികിത്സാ സഹായം, മെറ്റേര്‍ണിറ്റി ബെനഫിറ്റ്, ജൂണിയര്മാര്ക്കു സ്റ്റൈപ്പന്റ് തുടങ്ങി ഐഎഎല്‍ മുന്നോട്ടു വക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ സത്വരം നടപ്പിലാക്കണമെന്നും ന്യായാധിപനിയമനം സുതാര്യമാക്കുന്നതോടൊപ്പം പ്രാക്ടീസ് ചെയ്യാതെ പരീക്ഷയെഴുതി മാര്‍ക്ക് ലഭിക്കുന്നതിന് അമിത പ്രാധാന്യം നല്‍കാതെ പ്രാക്ടീസിംഗ് അഡ്വക്കേറ്റ്സിനു നിയമനത്തില്‍ അര്‍ഹിക്കുന്ന മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐഎഎല്‍ നേതാക്കളായ അഡ്വ. എം.എ. ജോയ്, അഡ്വ. രാജേഷ് തമ്പാന്, എഐഎല്‍യു ഭാരവാഹി അഡ്വ. എ.എ. ബിജു, ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി അഡ്വ. ആന്റണി തെക്കേക്കര, അഭിഭാഷക പരിഷത്ത് ഭാരവാഹി അഡ്വ. കെ.എസ്. സുധീര്‍ ബേബി, ബാര്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് അഡ്വ. പോളി ജെ. അരിക്കാട്ട്, അഡ്വ. എം.എ. കൊച്ചാപ്പു എന്നിവര്‍ പ്രസംഗിച്ചു.