വര്‍ണ, നാദ വിസ്മയമൊരുക്കി പ്രൗഢഗംഭീരമായി ‘വര്‍ണ്ണക്കുട’ ഘോഷയാത്ര
ഇരിങ്ങാലക്കുട: നഗരത്തെ അക്ഷരാര്‍ഥത്തില്‍ സാംസ്കാരിക വര്‍ണ വൈവിധ്യത്തില്‍ മയക്കിയ ഘോഷയാത്രയോടെ ഇരിങ്ങാലക്കുടയുടെ കലാകായികകാര്ഷിക മഹോത്സവമായ ‘വര്‍ണ്ണക്കുട’ ക്ക് ആവേശകരമായ തുടക്കം. ഇരിങ്ങാലക്കുട എംഎല്‍എയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയുമായ ഡോ.ആര് ബിന്ദുവിന്റെ ഏകോപനത്തില്‍ നടത്തപ്പെടുന്ന ‘വര്‍ണ്ണക്കുട’ മഹോത്സവത്തിന്റെ സാംസ്കാരിക ഘോഷയാത്രയില്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, എന്‍സിസി അംഗങ്ങള്‍, വിവിധ വായനശാലകള്‍, ക്ളബ്ബുകള്‍, കലാസമിതി പ്രവര്‍ത്തകര്‍, യുവജന സംഘടനകള്‍ എന്നിവര്‍ അണിനിരന്നു. കേരളത്തിന്റെ സാംസ്കാരിക പ്രതീകങ്ങളായ തെയ്യം, തിറ, പുലിക്കളി, കാളകളി, വിവിധ വാദ്യരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ ഒന്നിച്ച് അണിനിരന്നത് ഘോഷയാത്രയില്‍ കൗതുക കാഴ്ചയായി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആഘോഷമായി വാദ്യനൃത്ത കലാകാരന്മാരും സന്നദ്ധപ്രവര്‍ത്തകരും ഇരിങ്ങാലക്കുട നഗരത്തില്‍ തരംഗം തീര്‍ത്തു. മഴയുടെ ഭീഷണിയുണ്ടായിരുന്നിട്ട് കൂടി ഘോഷയാത്രയെ വരവേല്‍ക്കാന്‍ ആയിരകണക്കിന് നാട്ടുകാരാണ് ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ കാത്തുനിന്നത്. മാവേലിയും, അശ്വാരൂഡരായ പതാകാ വാഹകരും, പട്ടുകുടകളും പഞ്ചവാദ്യത്തിന്റേയും അകമ്പടിയിലൊരുക്കിയ കലാകാഴ്ചകള്ക്കൊപ്പം മത സൗഹാര്‍ദ സന്ദേശമുണര്‍ത്തുന്ന ദൃശ്യങ്ങളും ഘോഷയാത്രയില്‍ ഒരുക്കിയിരുന്നു. വര്‍ണാഭമായ പൂക്കാവടികളും മുത്തുകുടകളും വിവിധ ആശയങ്ങള്‍ പങ്കുവെക്കുന്ന നിശ്ചലദൃശ്യങ്ങള്‍ക്കൊപ്പം ഘോഷയാത്രയ്ക്ക് പകിട്ടേകി. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയവര്‍ വൈകീട്ടോടെ കുട്ടംകുളം സമീപം അണിനിരന്നു. നാലു മണിയോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിന് മുന്നില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര ഠാണാ വലം വെച്ച് അയ്യങ്കാവ് മൈതാനത്ത് ഒരുക്കിയ ‘വര്‍ണ്ണക്കുട’ പൊതുസമ്മേളനവേദിയുടെ അങ്കണത്തില്‍ പ്രവേശിച്ചു. മന്ത്രി ഡോ.ആര്. ബിന്ദുവും, മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ മറ്റു ജനപ്രതിനിധികളും സാംസ്കാരിക രംഗത്തെ പ്രമുഖരും ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രശസ്ത മേളപ്രമാണി പത്മശ്രീ പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ.ആര്. ബിന്ദു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫിഷറീസ് തുറുമുഖ മന്ത്രി വി.അബ്ദുള്‍ റഹ്മാന്, പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഐസിഎല്‍ ചെയര്മാന് കെ.ജി. അനില്‍കുമാര്‍, മിനി സ്ക്രീന്‍ താരം ശിവാനി, ഇരിങ്ങാലക്കുട മുന്‍ എംഎല്‍എ കെ.യു. അരുണന് മാസ്റ്റര്‍, മണ്ഡലത്തിലെ ജനപ്രതിനിധികള്‍, എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പൊതു സമ്മേളനത്തില്‍ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകനും ഇരിങ്ങാലക്കുടക്കാരനുമായ പി. ജയചന്ദ്രന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ആദരണീയം പരിപാടി നടന്നു.