വിദ്യാര്‍ഥികള്‍ക്കു ദുരിതം; നോക്കുകുത്തിയായി ഒരു ബസ് സ്റ്റോപ്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നോക്കുകുത്തിയായി ഒരു ബസ് സ്റ്റോപ്പ്. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സെന്റ് ജോസഫ്സ് കോളജിനു സമീപമാണ് നോക്കുകുത്തിയായി ബസ് സ്റ്റോപ്പുള്ളത്. കോളജിലെ നിരവധി വിദ്യാര്‍ഥിനികളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്. കോളജില്‍ നിന്നും വിദ്യാര്‍ഥികള്‍ ഏറെ ദൂരം നടന്നു വേണം കാക്കാത്തിരുത്തി റോഡിലുള്ള ബസ് സ്റ്റോപ്പിലെത്തിച്ചേരുവാന്. 1971ല്‍ കോളജ് അധികൃതര്‍ നിര്‍മിച്ച ഈ ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്താത്തത് അധികൃതരുടെ ഭാഗത്തുനിന്നും വേണ്ടത്ര രീതിയിലുള്ള സഹകരണം ലഭിക്കാത്തതിനുള്ള തെളിവാണ്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടും ഇക്കാര്യത്തില്‍ അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളത്. നിരവധി സമ്മര്‍ദങ്ങള്‍ ചെലുത്തിയതിനു ശേഷമാണ് രാവിലെ കോളജ് ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയത്തും ബസുകള്‍ നിര്‍ത്താമെന്ന ധാരണ ഉണ്ടായത്. പോലീസ് ഈ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടെങ്കിലേ ഇതു നടപ്പാകാറുള്ളൂ. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ ഉണ്ടാകണമെന്നാണ് കോളജധികൃതരുടെയും വിദ്യാര്‍ഥിനികളുടെയും പ്രധാന ആവശ്യം. കാക്കാത്തിരുത്തി റോഡിലെ ബസ് സ്റ്റോപ്പിലെത്തുന്നതിനായി കോളജ് വിദ്യാര്‍ഥിനികള്‍ ഏറെ ദൂരം നടക്കുന്നതു മൂലം അപകട സാധ്യത ഉള്ളതായും ചന്തക്കുന്ന് ജംഗ്ഷനില്‍ ഗതാഗതകുരുക്ക് രൂക്ഷമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ ദിവസം കോളജിലെ പിടിഎ ഭാരവാഹികള്‍ റവന്യു വകുപ്പു മന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കളക്ടറുമായി സംസാരിച്ച് വ്യക്തത വരുത്താമെന്ന് മന്ത്രി അറിയിച്ചിരുന്നു.