ഇരിങ്ങാലക്കുടയില്‍ പച്ചക്കുട വിരിയും: സമഗ്ര കാര്‍ഷിക വികസന പദ്ധതി ഉദ്ഘാടനം നവംബര്‍ നാലിന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടക്ക് രൂപരേഖയായതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എംഎല്‍എയുമായ ഡോ. ആര്. ബിന്ദു. നവംബര്‍ നാലിന് കൃഷി മന്ത്രി പി. പ്രസാദ് പച്ചക്കുട ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനായി പച്ചക്കുട സംഘാടക സമിതി രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ വികസനത്തില്‍ കാര്‍ഷിക മേഖലക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉള്‍പ്പെടുത്തി കാര്‍ഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പച്ചക്കുട. പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് ലക്ഷ്യമാക്കുന്നത്. കോള്‍ നിലങ്ങളുടെ വികസനം, പഴം പച്ചക്കറി സംസ്കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന വിപണനത്തിനായി സംരംഭങ്ങള്‍, കാര്‍ഷിക കര്‍മ്മസേന, ജൈവ വളം നിര്‍മ്മാണകേന്ദ്രങ്ങള്‍, മത്സ്യം മാംസം എന്നിവയുടെ ഉല്‍പ്പാദനത്തിലെ സ്വയം പര്യാപ്തത എന്നിവയിലൂടെ തരിശുരഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയാണ് പച്ചക്കുട പദ്ധതിയുടെ ലക്ഷ്യം. മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട എഡിഎഎസ്. മിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ്ഘോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രന്, സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.എസ്. തമ്പി, ലത സഹദേവന്, മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, വിവിധ വകുപ്പ് പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സിഡിഎസ് ചെയര്പേഴ്സണ്മാര് എന്നിവര്‍ സംബന്ധിച്ചു. വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് നന്ദിയും പറഞ്ഞു.