ഗുരുസ്മരണ കൂടിയാട്ടോത്സവത്തിന് അരങ്ങുണര്‍ന്നു
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ പതിനഞ്ചാമത് ഗുരുസ്മരണ മഹോത്സവം ആരംഭിച്ചു. ഗുരുസ്മരണ മഹോത്സവത്തിന്റെ ഭാഗമായ ആചാര്യ സ്മൃതി കലാമണ്ഡലം മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. ഗുരു വേണുജി ആചാര്യവന്ദനം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണന് നമ്പ്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആചാര്യസ്മൃതിയോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു. അടുത്ത അന്തരിച്ച കൂടിയാട്ടം കേന്ദ്രയുടെ മുന്‍ ഡയറക്ടര്‍ ബാലശങ്കര്‍ മന്നത്ത്, ചിത്രന് നമ്പൂതിരിപ്പാട് എന്നിവരെ വേണുജി അനുസ്മരിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന് ആശ്ചര്യചൂഡാമണിനാടകവും കൂടിയാട്ടവും എന്ന വിഷയത്തില്‍ ഡോ. കെ.ജി. പൗലോസ് പ്രഭാഷണം നടത്തി. ആറിന് ഗുരു അമ്മന്നൂര്‍ ആട്ടപ്രകാരമെഴുതിയ ആശ്ചര്യചൂഡാമണിയിലെ പര്‍ണശാലാങ്കം കൂടിയാട്ടം അരങ്ങേറി. കൂടിയാട്ടത്തില്‍ ലക്ഷ്മണനായി മാര്‍ഗി മധു ചാക്യാരും ലളിതയായി ഉഷാ നങ്ങ്യാരും രംഗത്തെത്തി. മിഴാവില്‍ കലാമണ്ഡലം രാജീവും കലാമണ്ഡലം ഹരിഹരനും, കലാമണ്ഡലം മണികണ്ഠനും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും താളത്തില്‍ കപില വേണു, സരിതാ കൃഷ്ണകുമാര്‍, ആതിരാ ഹരിഹരന്, ഗുരുകുലം ശ്രുതി എന്നിവരും ചമയത്തില്‍ കലാമണ്ഡലം സതീശനും പങ്കെടുത്തു. രണ്ടാം ദിവസം കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപികയായ ഡോ. സി.കെ. ജയന്തി ഗ്രന്ഥ പാഠവും രംഗ പാഠങ്ങളും കൂടിയാട്ടത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ഥം അവതരിപ്പിക്കും. തുടര്‍ന്ന് ധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടം അരങ്ങേറും ബലരാമനായി ഗുരുകുലം തരുണ്‍ കൃഷ്ണനായി സൂരജ് നമ്പ്യാര്‍ എന്നിവര്‍ അരങ്ങിലെത്തും.