കുളങ്ങളായി ഊരകത്തെ ഗ്രാമീണ റോഡുകള്‍; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
ഊരകം: മുരിയാട് പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഊരകത്തെ ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. പ്രദേശത്തെ നിരവധി റോഡുകളാണ് കുളമായി കിടക്കുന്നത്. ഊരകം, കല്ലംകുന്ന്, അവിട്ടത്തൂര്‍, കൊറ്റനല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇരിങ്ങാലക്കുടയിലേക്ക് പോകുന്നതിനു ഉപയോഗിക്കുന്ന ഊരകം കോമ്പാറ റോഡ്, ഊരകം മഠത്തിക്കര റോഡ് എന്നിവയുടെ അവസ്ഥ വളരെ ശോചനീയമാണ്. മൂന്നു വര്‍ഷം മുമ്പാണ് അറ്റകുറ്റപണികള്‍ നടന്നത്. കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചതോടെ തകര്‍ച്ച കൂടുതല്‍ രൂക്ഷമായി. വാഹനങ്ങള്‍ക്കോ കാല്‍നട യാത്രക്കാര്‍ക്കോ ഇത് വഴി യാത്ര ചെയ്യുന്നത് പ്രയാസകരമാണ്. നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടിയതോടെ ജലക്ഷാമം നേരിടുന്ന ഇവിടെ വളരെയധികം ശുദ്ധജലം പാഴായിപോകുകയാണ്. എത്രയും വേഗം റോഡുകള്‍ സഞ്ചാര യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബൂത്ത് പ്രസിഡന്റുമാരായ കൂള ബേബി, എം.കെ.കലേഷ് എന്നിവര്‍ പറഞ്ഞു.