നവ്യാനുഭവം പകര്‍ന്ന് തിരനോട്ടം അരങ്ങ് 2025 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി

ഇരിങ്ങാലക്കുട കഥകളി ക്ലബ് ക്രൈസ്റ്റ് കോളജില്‍ ഒരുക്കിയ തിരനോട്ടം അരങ്ങില്‍ കീചകനായി ഡോ. സദനം കൃഷ്ണന്‍കുട്ടിയും സൈരന്ധ്രിയായി കോട്ടയ്ക്കല്‍ രാജ്മോഹനും.
ഇരിങ്ങാലക്കുട: കേരളീയരംഗകലകളുടെ പ്രചരണവും, ഉന്നമനവും നിലനില്‍പ്പും ലക്ഷ്യമിട്ട് കഴിഞ്ഞ പതിനെട്ടുവര്‍ഷമായി ദുബായിലും കേരളത്തിലും കലാസംസ്കാരികപ്രവര്ത്തനങ്ങള് നടത്തിവരുന്ന തിരനോട്ടം സംഘടനയുടെ അരങ്ങ് 2025 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഇരിങ്ങാലക്കുട ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സംഘാടനത്തിലായിരുന്നു പരിപാടി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലും തിരനോട്ടം പ്രതിനിധി പി.എസ്. രാമസ്വാമിയും ചേര്‍ന്ന് കളിവിളക്കു തെളിയിച്ചു.
തിരനോട്ടത്തിന്റെ പേരിലും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടിതമ്പുരാട്ടിയുടെ സ്മരണാര്ത്ഥവുമായി ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുദക്ഷിണ പുരസ്കാരങ്ങള്‍ കഥകളി നാട്യാചാര്യന് കലാമണ്ഡലം കെ.ജി. വാസുദേവന്‍, അണിയറശില്പി കോട്ടയ്ക്കല്‍ കുഞ്ഞിരാമന് എന്നീ മഹാപ്രതിഭകള്‍ക്ക് നല്കി ആദരിച്ചു. ക്ലബ് പ്രസിഡന്റ് രമേശന് നമ്പീശന്, തിരനോട്ടം പ്രതിനിധി ശശികുമാര്‍ തോട്ടുപുറവും, വിനുവാസുദേവന്‍, പ്രിന്‍സിപ്പല്‍ കോട്ടയ്ക്കല്‍ ദേവദാസ്, ട്രൂപ്പ് മാനേജര്‍ നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കീചകവധം കഥകളി സമ്പൂര്‍ണ്ണമായി അവതരിപ്പിച്ചു. നാല്പതോളം കലാകാരന്മാര് ചൊല്ലിയാടിയുറപ്പിച്ച, എട്ടുമണിക്കൂറിലധികം ദൈര്‍ഘ്യമേറിയ, ഈ അത്യപൂര്‍വ്വ അവതരണത്തില്‍ പ്രധാനകഥാപാത്രമായ കീചകനായി ഡോ. സദനം കൃഷ്ണന്‍കുട്ടി രംഗത്തെത്തി.