ആനന്ദപുരം ഗവ. ആശുപത്രി കെട്ടിടം അപകടാവസ്ഥയില്‍ മുറികളെല്ലാം ചോര്‍ന്നൊലിക്കുന്നു

അപകടാവസ്ഥയിലായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രം.
ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസം
ആനന്ദപുരം: ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍. കഴിഞ്ഞ ജനുവരി 10 നാണ് കെട്ടിടം ഉദ്ഘാടനം ചെയ്ത് രോഗികള്‍ക്കായി തുറന്നു കൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് ആദ്യത്തെ മഴക്ക് തന്നെ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഇതോടെ മഴ പെയ്താല്‍ രോഗികള്‍ മുറിയില്‍ നിന്നും ഒഴിഞ്ഞു പോകേണ്ട അവസ്ഥയാണ്. കെട്ടിടത്തിന്റെ ചുമരുകളിലെല്ലാം മഴവെള്ളം ചോര്‍ന്നൊലിച്ച അടയാളങ്ങളാണ്.
പുതിയതായി പണിതീര്‍ത്ത കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറികള്‍ ഇത് വരെയും തുറന്ന് കൊടുത്തിട്ടില്ല. മുറി ചോര്‍ന്നൊലിക്കുന്നതാണ് കാരണം. ഇതിനെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ ട്രസ് വിരിച്ചിരിക്കുകയാണ്. മുകളില്‍ ഇപ്പോഴും പണികള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ആഴ്ച്ചതോറും നല്കുന്ന കുത്തിവയ്പ്പ് ഇപ്പോഴും നടക്കുന്നത് ഇടിഞ്ഞു വീഴാറായ പഴയ കെട്ടിടത്തില്‍ തന്നെയാണ്. ഉച്ചക്ക് ശേഷമുള്ള ഒപിയും. ലാബും മരുന്ന് വിതരണവും ഇപ്പോഴും ഈ പഴയ കെട്ടിടത്തില്‍ തന്നെയാണ്.
മുരിയാട്, പറപ്പൂക്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. 2020 ല്‍ കിഫ്ബിയില്‍ നിന്നുള്ള ഒരു കോടി 31 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുള്ളതായി കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ ഭാരവാഹികളായ തോമസ് തത്തംപിള്ളി, കെ.എ. ഗംഗാദേവി, ശ്രീജിത്ത് പട്ടത്ത്, വിബിന് വെള്ളയത്ത്, എം.എന്‍. രമേശ്, ജോമി ജോണ്‍, എം.മുരളി, മോളി ജേക്കബ്, എബിന് ജോണ്‍, റിജോണ്‍ ജോണ്സണ് എന്നിവര്‍ ആവശ്യപ്പെട്ടു.