ഇരിങ്ങാലക്കുടയില്‍ കെഎസ്ആര്‍ടിസിയില്‍ ഡ്രൈവിംഗ് സ്കൂള്‍ വരും

ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്.
ഇരിങ്ങാലക്കുട: പ്രതിസന്ധിയിലുള്ള ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് ഡ്രൈവിംഗ് സ്കൂള്‍ വരുന്നു. നിലവില്‍ ചാലക്കുടി, ഗുരുവായൂര്‍ സെന്ററുകളില്‍ ഡ്രൈവിംഗ് സ്കൂള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതിനു പിന്നാലെയാണ് ഇരിങ്ങാലക്കുടയിലും ഡ്രൈവിംഗ് സ്കൂള്‍ ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഇരിങ്ങാലക്കുടയില്‍ ഡ്രൈവിംഗ് സ്കൂളിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാണെന്നുള്ളതാണ് പ്രധാന ഘടകം.
വണ്ടികള്‍ ഓടിച്ചു പഠിക്കുന്നതിനും വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും സ്ഥലവും ഓഫീസ് ആരംഭിക്കുന്നതിനുള്ള കെട്ടിടവും ഇരിങ്ങാലക്കുടയിലുണ്ട്. ടു, ത്രീ, ഫോര്‍ വീലറുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും സ്കൂളില്‍ പരിശീലനം നല്‍കാനാണ് തീരുമാനം. ഇതിനാവശ്യമായ നിര്‍ദേശം ഓപ്പറേറ്റിംഗ് സെന്റര്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സെന്ററില്‍ ബസുകള്‍ പാര്‍ക്കുചെയ്യുന്നതിനുള്ള ഷെല്‍ട്ടര്‍, ബസ് ബേ അതിനുമുകളില്‍ ഓഡിറ്റോറിയം എന്നിവ നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇരുനിലകളിലായി പണിയുന്ന കെട്ടിടത്തില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഷെല്‍ട്ടര്‍, ബസ് ബേ, മുകളില്‍ ഓഡിറ്റോറിയം എന്നിങ്ങനെയാണ് പദ്ധതി. രണ്ടര ഏക്കറോളം സ്ഥലം സ്വന്തമായുള്ള ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ വടക്കാണ് കെട്ടിടം നിര്‍മിക്കുക. പിഡബ്ല്യുഡിക്കാണ് ഇതിന്റെ നിര്‍മാണച്ചുമതല. കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിവരുകയാണ്. പ്ലാനും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ കെട്ടിടനിര്‍മാണം ആരംഭിക്കും.