രജിസ്ട്രേഷന് നമ്പര്‍ മാറി; വീട്ടിലിരിക്കുന്ന സ്കൂട്ടറിന് പോലീസിന്റെ വക പിഴ

ജോമോന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ എം 2371 എന്ന നമ്പറിലുള്ള സ്കൂട്ടര്‍.
ടാങ്കര്‍ ലോറിക്കുള്ള പിഴ ഇലക്ട്രിക് സ്കൂട്ടറിന്
ഇരിങ്ങാലക്കുട: രജിസ്ട്രേഷന് നമ്പര്‍ മാറിയതോടെ വീട്ടില്‍ കിടന്നിരുന്ന സ്കൂട്ടറിന് പോലീസിന്റെ വക പിഴ. ഇരിങ്ങാലക്കുട സ്വദേശി തെക്കേക്കര വീട്ടില്‍ ജോമോന്റെ സ്കൂട്ടറിനാണ് നിയമ ലംഘനത്തിന് 1000 രൂപ പിഴയടക്കുവാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിച്ചതിനാണ് ഇന്നലെ ഫോണിന് പിഴ അടക്കുവാന്‍ സന്ദേശം ലഭിച്ചത്. ജോമോന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ എം 2371 എന്ന നമ്പറിലുള്ള സ്കൂട്ടറില്‍ ഞായറാഴ് രാവിലെ 11 മണിക്ക് യാത്രചെയ്യുമ്പോള്‍ ആലുവക്കടുത്തു വച്ച് കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ടിച്ചുവെന്നാണ് ചലാനിലുള്ളത്. ഈ സമയം ജോമോനും വീട്ടുക്കാരും ഇരിങ്ങാലക്കുടയിലെ വീട്ടിലുണ്ടായിരുന്നു. നിയമം തെറ്റിച്ചതായി ചലാനില്‍ കാണിച്ചിരിക്കുന്നത് ടാങ്കര്‍ ലോറിയുടെ ചിത്രവുമാണ്. ചലാനില്‍ വാഹനം ഏതാണെന്നുള്ളിടത്ത് സ്കൂട്ടര്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. തനിക് ഇലക്ട്രിക് സ്കൂട്ടറാണെന്നും നോട്ടീസയച്ചപ്പോള്‍ ടാങ്കര്‍ ലോറിയുടെ നമ്പറിനു പകരം തന്റെ വാഹനത്തിന്റെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതാകാമെന്നും ജോമോന് പറയുന്നു.
