ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തകര്‍ന്നു വീഴാറായ കെട്ടിടത്തില്‍

ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച തടയാനായി ഷീറ്റ് കെട്ടിയിരിക്കുന്നു.
അവഗണന നേരിടുന്നത് ചരിത്ര സ്മൃതിതളുറങ്ങുന്ന ഇരിങ്ങാലക്കുടയിലെ പൈതൃക കെട്ടിടം
ഇരിങ്ങാലക്കുട: ജില്ലയിലെ ആദ്യകാല കച്ചേരികളിലൊന്നായ ഇരിങ്ങാലക്കുട കച്ചേരിവളപ്പിലെ പൈതൃക കെട്ടിട സമുച്ചയം ജീര്ണാവസ്ഥയില്. 160 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തില്‍ നിലവില്‍ മജിസ്ട്രേറ്റ് കോടതി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കാടുകയറിയ കെട്ടിടം ചോര്‍ന്നൊലിക്കാതിരിക്കാന്‍ മേല്‍ക്കൂരയാകെ ഷീറ്റിട്ടിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ദയനീയാവസ്ഥയിലാണ് കെട്ടിടം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒഴികെയുള്ള മറ്റെല്ലാ സംവിധാനങ്ങളും പൊറത്തിശേരിയിലെ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറി കഴിഞ്ഞു.
മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍മാണത്തിലിരിക്കുന്ന കോര്‍ട്ട് കോംപ്ലെക്സിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. അധികം താമസിയാതെ പണി പൂര്‍ത്തീകരിച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും അവിടേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. മഴക്കാലത്ത് ചോര്‍ച്ചയെ പ്രതിരോധിക്കാന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷീറ്റും മറ്റും വലിച്ചു കെട്ടിയിട്ടാണ് ഇവിടെ കോടതി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മെയ് 21ന് കോടതി നടക്കുന്ന സമയത്ത് കോടതി വളപ്പില്‍ നിന്നിരുന്ന പടു കൂറ്റന്‍ മരം കെട്ടിടത്തിലേക്ക് കട പുഴകി വീണിരുന്നു. കോടതി സമയമായിരുന്നതിനാല്‍ അധികമാരും പുറത്തുണ്ടായിരുന്നില്ല. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കുറേ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കോടതി കെട്ടിടത്തിന്റെ ഒരു ഭാഗവും തകര്‍ന്നിരുന്നു. അപകടാവസ്ഥയില്‍ നില്ക്കുന്ന കെട്ടിടം പൊളിഞ്ഞു വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് കൂടല്‍മാണിക്യം ദേവസ്വത്തിന് യാതൊരു തരത്തിലും ഉത്തരവാദിത്വമുണ്ടാകില്ലെന്നറിയിച്ച് ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട അധികാരികള്‍ക്ക് അന്നത്തെ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പേ കത്തു നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ചരിത്രം
160 വര്‍ഷത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിനും കോടതിക്കും. 1861-ല്‍ കൊച്ചി മഹാരാജാവാണ് ഇരിങ്ങാലക്കുടയില്‍ കോടതി സ്ഥാപിച്ചത്. ഒന്നര ഏക്കറിലാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നതിനായി കച്ചേരി കെട്ടിടം നിര്‍മിച്ചത്. ആദ്യം മജിസ്ട്രേറ്റ് കോടതിയാണ് ആരംഭിച്ചത്. 1955 ആഗസ്റ്റ് 18 നാണ് ഇരിങ്ങാലക്കുടയില്‍ സബ്ബ് കോടതി സ്ഥാപിച്ചത്. ആദ്യത്തെ സബ്ബ് ജഡ്ജ് മുല്ലോത്ത് നാരായണ മേനോന് ആയിരുന്നു. തിരു- കൊച്ചിയിലെ അന്നത്തെ മുഖ്യ മന്ത്രി ആയിരുന്ന പനമ്പിള്ളി രാഘവ മേനോന്റെയും ചീഫ് ജസ്റ്റിസ് കെ.ടി. കോശിയുടെയും സാന്നിധ്യത്തിലായിരുന്നു സബ്ബ് കോടതി ഉദ്ഘൈാടനം നടന്നത്. മുകുന്ദപുരം താലൂക്കില്‍ നിലവിലുണ്ടായിരുന്ന എല്ലാ പോലീസ് സ്റ്റേഷ നുകളുടെയും നിയമപാലനം പണ്ടുകാലത്ത് നടന്നുവന്നി രുന്നത് ഈ കച്ചേരിക്ക് കീഴിലായിരുന്നെന്ന് പഴമക്കാര്‍ പറയുന്നു.