യൂത്തിനെതോല്പ്പിക്കുന്ന ഫാഷന്‍ ഷോയുമായി അപ്പൂപ്പന്മാരും അമ്മൂമ്മമാരും

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ തവനീഷ് സംഘടിപ്പിച്ച നിറം 2025 ഫാഷന്‍ ഷോയില്‍ റാംപിലെത്തിയ 83 കാരന് രാജന്.
ഇരിങ്ങാലക്കുട: അപ്പൂപ്പന്മാരേയും അമ്മൂമ്മമാരെയും തോല്‍പ്പിക്കാനാവില്ല മക്കേള…അറുപതുവയസ് പിന്നിട്ട അപ്പുപ്പന്മാരുടെയും അമ്മൂമ്മമാരുടെയും വാക്കുകളാണിത്. പ്രായമെന്നാല്‍ വെറും അക്കങ്ങള്‍ മാത്രമാണെന്ന് വിളിച്ചോതുന്നതായിരുന്നു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ തവനീഷ് സംഘടിപ്പിച്ച നിറം 2025 ഫാഷന്‍ ഷോ. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖഭാവത്തോടെ പേരക്കുട്ടികളുടെ പ്രായമുള്ള വിദ്യാര്‍ഥികളുടെ കൈപിടിച്ച് കാണികളെ അഭിവാദ്യംചെയ്ത് മന്ദം മന്ദം നടന്നുവരുന്ന അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ടപ്പോള്‍ കാമ്പസില്‍ അവേശം അലതല്ലി. റാംപിലെത്തിയ 83 കാരന് രാജന് സദസിന്റെ സവിശേഷശ്രദ്ധ പിടിച്ചുപറ്റി
. സംഗീതത്തോടൊപ്പം ഇവരില്‍ പലരും തിമിര്‍ത്താടുകയായിരുന്നു.
ടെലവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ ലക്ഷ്മി നക്ഷത്ര പരിപാടി ഉദ്ഘാടനംചെയ്തു. അതിഥികളായി മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലുമായ ജിജോ ജോ, അന്താരാഷ്ട്ര മോഡല്‍ സ്റ്റെഫി മാത്യു എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതവഹിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട തഹസില്‍ദാര്‍ സിമീഷ് സാബു മുഖ്യാതിഥിയായി. തൃശൂര്‍ ജില്ലയിലെ വിവിധ വൃദ്ധമന്ദിരങ്ങളില്നിന്നും പൊതുജനങ്ങളില്നിന്നുമായി 50 പേര് പങ്കെടുത്തു.
